പ്രസംഗം പരിഭാഷപ്പെടുത്താൻ രാഹുൽ ഗാന്ധി വീണ്ടും ഒരു വിദ്യാർത്ഥിനിയെ ക്ഷണിച്ചു. വയനാട് വാകേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പ്ലസ് വൺ വിദ്യാർത്ഥിനി പി.വി പൂജയാണ്. ഇടയ്‌ക്ക് വാക്കുകൾ കിട്ടാതെ വിഷമിച്ച പൂജയെ രാഹുൽ ചേർത്തണച്ച് ആശ്വസിപ്പിച്ചു.
'തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നു. സാരമില്ല.'
ചില വാചകങ്ങൾ പൂജയ്ക്ക് വേണ്ടി രാഹുൽ രണ്ടും മൂന്നും തവണ ആവർത്തിച്ചു.
അപ്പോൾ പൂജയുടെ പരിഭാഷ നന്നായി. സദസ് കൈയടിച്ചു.
ചടങ്ങ് തീരുംവരെ പൂജയെ വേദിയിൽ ഇരുത്തി. ചോക്‌ലേറ്റ് നൽകി. കാലിൽ വീണ പൂജയെ രാഹുൽ ആശ്ലേഷിച്ചു.
രാഹുലിന്റെ പ്രോത്സാഹനം ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നെന്ന് പൂജ പിന്നീട് പറഞ്ഞു.കഴിഞ്ഞ ദിവസം മലപ്പുറത്ത് സഫ ഫെബിൻ എന്ന വിദ്യാർത്ഥിനി രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു.