തിരുവനന്തപുരം: 24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. വിളക്ക് കൈമാറാൻ നടി അനശ്വര രാജനും വേദിയിൽ സന്നിഹിതയായിരുന്നു. സാംസ്‌കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനായി. മന്ത്രി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ജൂറി ചെയർമാൻ സംവിധായകൻ കമൽ, സംവിധായകന്‍ ഷാജി എൻ കരുൺ, ജൂറി അംഗമായ ഈജിപ്ഷ്യന്‍ സംവിധായകൻ ഖൈറി ബെഷാറ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
മുഖ്യാതിഥിയായെത്തിയ നടി ശാരദ, എം.എൽ.എ വി കെ പ്രശാന്ത്, മേയർ കെ ശ്രീകുമാർ, ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സണ്‍ എഡിറ്റര്‍ ബീനാ പോൾ, റാണി ജോർജ് ഐ എ എസ, ചലച്ചിത്രമേള സെക്രട്ടറി മഹേഷ് പഞ്ജു തുടങ്ങിയവർ ഉദ്ഘാടനകർമ്മത്തിൽ സംബന്ധിച്ചു. ഫെസ്റ്റിവൽ ബുക്കിന്റെയും ബുള്ളറ്റിന്റെയും പ്രകാശനവും നടന്നു. ചലച്ചിത്ര അക്കാദമിയുടെ പുസ്തകമായ ചലച്ചിത്ര സമീക്ഷ നടി ശാരദ ഖൈറി ബെഷാറയ്ക്കു നൽകി പ്രകാശനം ചെയ്തു. മലയാള സിനിമാചരിത്രത്തെക്കുറിച്ച് എഴുതപ്പെട്ട ഫസ്റ്റ് വോള്യം ഓഫ് ഹിസ്റ്ററി ഓഫ് മലയാളം സിനിമ എന്ന പുസ്തകം മുഖ്യമന്ത്രി ഷാജി എന്‍ കരുണിനു നൽകി പ്രകാശനം നിർവ്വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം 'പാസ്ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും
വിവിധ തിയേറ്ററുകളിൽ രാവിലെ 10 മണിക്കാണ് പ്രദർശനം ആരംഭിക്കുന്നത്. 8,998 സീറ്റുകളാണുള്ളത്. 3500 സീറ്റുകൾ ഉള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. മിഡ്നൈറ്റ് സ്ക്രീനിംഗ് ചിത്രമായ ഡോർലോക്ക് ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം . ബാർക്കോ ഇലക്ട്രോണിക്സിന്റെ നൂതനമായ ലേസർ ഫോസ്ഫർ ഡിജിറ്റൽ പ്രോജക്ടറാണ് ഇത്തവണ നിശാഗന്ധിയിൽ ഉപയോഗിക്കുന്നത്.