swamy-nithayananda

ന്യൂഡൽഹി : വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയ്ക്ക് അഭയം നൽകിയിട്ടില്ലെന്ന് ഇക്വഡോറിന്റെ വിശദീകരണം. ഇക്വഡോറിൽ നിന്ന് വാങ്ങിയ ദ്വീപിൽ നിത്യാനന്ദ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിശദീകരണം. നിത്യാനന്ദയ്ത്ത് അഭയം നൽകാൻ സഹായിക്കുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോർ വ്യക്തമാക്കി.

അഭയം നൽകണമെന്നുള്ള നിത്യാനന്ദയുടെ അഭ്യർത്ഥന തള്ളിയെന്നാണ് ഇക്വഡോറിന്റെ വിശദീകരണം. നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ത്യൻ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാർത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും വിവാദങ്ങളിൽ നിന്ന് രാജ്യത്തിന്റെ പേര് ഒഴിവാക്കണമെന്നും എംബസി അഭ്യർത്ഥിച്ചു.

ബലാത്സംഗ കേസിൽ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതിനെത്തുടർന്നാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്. ഇക്കാര്യം ഗുജറാത്ത് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇയാളുടെ പാസ്‌പോർട്ടിന്റെ കാലാവധി 2018 സെപ്തംബറിൽ അവസാനിച്ചിരുന്നു. പാസ്പോർട്ട് ഇല്ലാതെ ഇയാൾ എങ്ങനെ രാജ്യംവിട്ടു എന്നതോ എവിടേയ്ക്കാണ് പോയിരിക്കുന്നതെന്നതോ വ്യക്തമല്ല.

രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവിൽ പാർപ്പിക്കുന്നുവെന്ന കേസിൽ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം നടക്കുകയാണ്.