sports-hub

ടീമുകൾ ഇന്നെത്തും

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റിൻഡീസ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം നാളെ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കും. മത്സരത്തിനായി ഇന്ത്യയുടേയും വെസ്റ്റിൻഡീസിന്റെയും ടീമുകൾ ഇന്ന് തലസ്ഥാനത്തെത്തും. ഹൈദരാബാദിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ വൈകിട്ട് 5.45 ഓടെ ടീമുകൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ടീമുകളെ കെ.സി.എ ഒഫീഷ്യൽസിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. അവിടെ നിന്ന് ഇരു ടീമുകളും പ്രത്യേകം ബസുകളിൽ ഹോട്ടൽ ലീലയിലേക്ക് പോകും. ഇരു ടീമുകൾക്കും പരിശീലന സെഷനുകൾ ഉണ്ടായിരിക്കുന്നതല്ല. സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ലൈറ്റുകൾ ടെസ്റ്റ് ചെയ്ത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്‌ടീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. കാണികൾക്ക് വൈകിട്ട് നാല് മുതൽ പ്രധാന കവാടം വഴി സ്റ്റേഡിയത്തിൽ പ്രവേശിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയൽ കാർഡും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയൽ കാർഡും പരിശോധനയ്ക്ക് വിധേയമാക്കണം.തിരുവനന്തപുരം കലക്ടർ കെ. ഗോപാലകൃഷ്ണൻ സ്റ്റേഡിയം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.