മഡ്ഗാവ്: ഐ ലീഗിൽ രണ്ടാം മത്സരത്തിലും ഗോകുലം കേരള എഫ്.സിക്ക് ജയം. ഇന്നലെ തിലക് മൈതാനിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ ഒരുഗോളിനാണ് ഗോകുലം വീഴ്ത്തിയത്. രണ്ടാം പകുതിയിൽ 49-ാം മിനിട്ടിൽ ഹെന്റി കിസ്സേക്കയാണ് ഗോകുലത്തിന്റെ വിജയ ഗോൾ നേടിയത്. 79-ാം മിനിട്ടിൽ ആന്ദ്രേ എറ്രിനെ ചുവപ്പ് കാർഡ് കണ്ട് പുറത്താതിനെ തുടർന്ന് പത്തു പേരായി ചുരുങ്ങിയെങ്കിലും പതറാതെ പോരാടിയ മലബാറിയൻസ് വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ഗോകുലത്തിനായി.
4-3-3 എന്ന ശൈലിയിലാണ് ഗോകുലം കോച്ച് ഫെർണാണ്ടോ സാന്റിയോ വറേല ടീമിനെ കളത്തിലിറക്കിത്. ആദ്യ പകുതിയിൽ ഇരുടീമും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഗോകുലത്തിന്റെ മാർക്കസ് ജോസഫും കിസേക്കയും പലതവണ ഗോളിനടുത്ത് വരെയെത്തിയെങ്കിലും ആരോസ് ഗോൾ കീപ്പർ സമിക് മിത്രയുടെ തകർപ്പൻ സേവുകൾ വിലങ്ങ് തടിയാവുകയായിരുന്നു. മറുവശത്ത് ഗോകുലത്തിന്റെ യുവനിര ഹർമ്മൻ പ്രീത് സിംഗിന്റെയും അമൻ ഛേത്രിയുടെയും നേതൃത്വത്തിൽ ആക്രമിച്ച് കയറി. രണ്ടാം പകുതിയിൽ 49-ാം മിനിട്ടിൽ ജസ്റ്റിൻ ജോർജ് നൽകിയ തകപ്പൻ ലോംഗ് ബാൾ പാസ് കിസ്സേക്ക വലൻകാലൻ ഷോട്ടിലൂടെ ആരോസിന്റെ വലയ്ക്കകത്താക്കുകയായിരുന്നു. 79-ാം മിനിട്ടിൽ അമൻ ഛേത്രിയെ ഫൗൾ ചെയ്തതിനാണ് എറ്രിനെ ചുവപ്പ് കാർഡ് കണ്ടത്.
2 മത്സരങ്ങളും ജയിച്ച ഗോകുലം 6 പോയിന്റുമായി ഒന്നാം സ്ഥാനത്ത്.
ആദ്യ മത്സരത്തിൽ നെറോക്ക എഫ്.സിയെയാണ് കീഴടക്കിയത്.