kohli-rahul

ഹൈദരാബാദ്: വെസ്റ്രിൻഡീസിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. റൺമഴ കണ്ട മത്സരത്തിൽ ആദ്യം ബാറ്ര് ചെയ്ത വെസ്‌റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 207 റൺസ് എന്ന വമ്പൻ സ്കോർ നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (209/4).

രോഹിത് ശർമ്മയെ തുടക്കത്തിലെ നഷ്ടമായെങ്കിലും നായകൻ വിരാട് കൊഹ്‌ലിയുടേയും (പുറത്താകാതെ 50 പന്തിൽ 94) കെ.എൽ രാഹുലിന്റെയും (40 പന്തിൽ 60) തകർപ്പൻ ബാറ്രിംഗ് ഇന്ത്യയ്ക്ക് ജയമൊരുക്കുകയായിരുന്നു. രണ്ടാം വിക്കറ്രിൽ ഇരുവരും പടുത്തുയർത്തിയ 100 റൺസിന്റെ കൂട്ടികെട്ടാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ടീം സ്കോർ 30ൽ വച്ച് പിയറിന്റെ പന്തിൽ ഹെറ്റ്മേയർ പിടിച്ച് രോഹിത് (8) പുറത്തായതോടെയാണ് ഇരുവരും ക്രിസീൽ ഒന്നിച്ചത്. വിൻഡീസ് ബൗളിംഗിനെ പതർച്ചയില്ലാതെ ആക്രമണോത്സുകതയോടെ നേരിട്ട രാഹുലും കൊ‌ഹ്‌ലിയും ഇന്ത്യൻ സ്കോറിംഗ് ടോപ് ഗിയറിൽ തന്നെ നിലനിറുത്തുകയായിരുന്നു.

14മത്തെ ഓവറിലെ 3-ാം പന്തിൽ രാഹുലിനെ പൊള്ളാഡിന്റെ കൈയിൽ എത്തിച്ച് പിയർ തന്നെയാണ് ടീം സ്കോർ 130ൽ വച്ച് ഈകൂട്ടുകെട്ടിന്റെയും അന്തകനായത്. രാഹുൽ 5 ഫോറും 4 സിക്സും നേടി. പന്ത് (18),അയ്യർ (4) എന്നിവരാമ് പുറത്തായ മറ്ര് ഇന്ത്യൻ ബാറ്ര്‌സ്മാൻമാർ. കൊഹ്‌ലിയുടെ ഇന്നിംഗ്സിൽ 6 വീതം സിക്സും ഫോറും ഉൾപ്പെടുന്നു. ദുബെ കൊഹ്‌ലിക്കൊപ്പം പുറത്താകാതെ നിന്നു.

നേരത്തേ ഹെറ്റ്‌മേയർ (56), ലൂയിസ് (40), പൊള്ളാഡ് (37) എന്നിവരുടെ ബാറ്രിംഗാണ് വിൻഡീസിനെ ഇരുന്നൂറ് കടത്തിയത്. ചഹൽ രണ്ട് വിക്കറ്ര് വീഴ്ത്തി.