ഹൈദരാബാദ്: തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതികളുടെ മൃതദേഹങ്ങൾ ഡിസംബർ 9 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേദശം നൽകി.
നവംബർ 28-നാണ് 26കാരിയായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്‌നഗർ ദേശീയപാതയിൽ പാലത്തിനടിയിൽകാണപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികൾ പൊലീസിന്റെ വെടിയേറ്റു മരിച്ചത്.
ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതികളുടെ മൃതദേഹം ഷാദ്‌നഗർ സർക്കാര്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.