തിരുവനന്തപുരം: സിനിമാവസന്തം വിടർന്നു. ചലച്ചിത്ര പ്രേമികളുടെ തീർത്ഥാടനകാലം. കാണാക്കാഴ്ചകൾ ആവോളം ആസ്വദിക്കാനായി ഫെസ്റ്റിവൽ കിളികൾ പറന്നെത്തി. ഓരോ സിനിമയും ഓരോ അനുഭവമാണ്. സിനിമയുടെ ജാലകം തുറക്കുന്നത് ലോക കാഴ്ചകളിലേക്കും.
നമ്മുടെ ഭൂമികയിൽ നിന്നും ഏറെ വ്യത്യസ്ഥമായ പരിതസ്ഥിതിയിൽ പിറവിയെടുത്ത സർഗസൃഷ്ടികളാണ് ഓരോന്നും. അതുകൊണ്ടു തന്നെ ഒരു ചലച്ചിത്രോത്സവത്തിന്റെ അനുഭൂതി പകർന്നെടുത്തവർ അടുത്ത വർഷവും അത് തേടി എത്തും. യുദ്ധം, നാശം, പ്രണയം, ഇഴപൊട്ടുന്ന ബന്ധങ്ങൾ... ജീവിതത്തിന്റെ എത്രയെത്ര ഫ്രെയിമുകളാണ് ഓരോ ചലച്ചിത്രോത്സവവും തുറന്നിടുന്നത്.
24-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഔദ്യോഗിക തുടക്കമായത് വൈകിട്ട് ആറിന് നിശാഗന്ധിയിലായിരുന്നു. പക്ഷേ, സിനിമയുടെ ആസ്വാദനം രാവിലെ 10ന് ആരംഭിച്ചു. ഇന്നലെ രാവിലെ ഒൻപതായപ്പോൾ കൈരളി, ശ്രീ, നിള, ടാഗോർ, കലാഭവൻ തിയേറ്ററുകൾക്ക് മുന്നിൽ ഡെലിഗേറ്റുകൾ നിറഞ്ഞു. പ്രധാനവേദിയായ ടാഗോർ തിയേറ്ററിലായിരുന്നു ഏറെ തിരക്ക്. മറ്റ് ജില്ലകളിൽ നിന്നും ട്രെയിനിലും ബസിലുമൊക്കെ വന്നവർ നേരെ പാഞ്ഞെത്തുകയായിരുന്നു. ആദ്യം രജിസ്റ്റർ ചെയ്ത് പാസ് സ്വന്തമാക്കാനായിരുന്നു തിരക്ക്. പാസ് വാങ്ങി ടാഗിൽ ചേർത്ത് കഴുത്തിലിടുമ്പോൾ എന്തൊരു ആനന്ദം. അതുമായി തിയേറ്ററിലേക്ക് കടന്നു ചെല്ലുമ്പോൾ ഒാരോ ഡെലിഗേറ്റും അനുഭവിക്കുന്ന സന്തോഷം അതൊന്നു വേറെ തന്നെയാണ്. അക്കൂട്ടത്തിൽ 18കാരനും 81കാരനും ഉണ്ടാകും.
ആദ്യം പ്രദർശിപ്പിച്ചത് ലോക സിനിമാ വിഭാഗത്തിൽ പെട്ട ബേണിംഗ് ഗോസ്റ്റും ഒലെഗും ആയിരുന്നു. ജന്മാന്തര ബന്ധങ്ങളുടെ കഥ പറയുന്ന ഫ്രഞ്ച് ചിത്രമാണ് ബേണിംഗ് ഗോസ്റ്റ്. തനിക്കു മാത്രം കാണാൻ കഴിയുന്നവരുടെ ഇടയിലൂടെ ജസ്റ്റ് എന്ന ചെറുപ്പക്കാരന്റെ ആത്മാവ് നടത്തുന്ന യാത്രയാണ് സ്റ്റീഫൻ ബതൂത് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം.
തന്റേതല്ലാത്ത നഗരത്തിൽ എത്തിപ്പെടുന്ന ലാത്വിയൻ യുവാവായ ഒലെഗിന്റെ കഥയാണ് ജുറിസ് കുറിസെറ്രിസ് ഒരുക്കിയ 'ഒലെഗ്'. രണ്ടു ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടി. രണ്ടു പ്രദർശനങ്ങൾ കൂടിയുണ്ട് ഇരുചിത്രങ്ങൾക്കും.
അഞ്ചു തിയേറ്ററുകളിലും ഇന്നലെ മൂന്നു പ്രദർശനങ്ങൾ വീതം നടന്നു. ഇന്നു മുതൽ 13 തിയേറ്ററുകളിലായി അഞ്ച് പ്രദർശനങ്ങൾ വീതം ഉണ്ടായിരിക്കും. ഇന്നലെ മൂന്നാം സിനിമ കഴിഞ്ഞയുടൻ ഡെലിഗേറ്റുകൾ വൈകിട്ട് അഞ്ചായപ്പോഴേക്കും നിശാഗന്ധിയിൽ ഹാജർ! ഒരു മണിക്കൂർ കഴിഞ്ഞ് ഉദ്ഘാടന ചടങ്ങുകൾ. ശേഷം ഉദ്ഘാടന ചിത്രമായ പാസിംഗ് ബൈ സെൻസർ പ്രദർശിപ്പിച്ചു.
ടർക്കിഷ് സംവിധായകനായ കരാസ്ലാന്റെ ആദ്യ സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം കൂടിയായിരുന്നു ഇന്നലത്തേത്. ജയിൽ പുള്ളികളുടെ കത്തുകൾ സെൻസർ ചെയ്യുന്ന ജയിൽജീവനക്കാരന്റെ ആത്മസംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 13ന് മേള സമാപിക്കും.
ഡെലിഗേറ്റുകളുടെ ശ്രദ്ധയ്ക്ക്
പ്രദർശനത്തിന് ഒരു ദിവസം മുമ്പ് ഐ.എഫ്.എഫ്.കെ വെബ്സൈറ്റ്, ആപ്പ് എന്നിവയിലൂടെ സീറ്റുകൾ റിസർവ് ചെയ്യാം
വേദികളിൽ സജ്ജമാക്കിയിട്ടുള്ള ഹെല്പ് ഡെസ്കുകൾ വഴി രാവിലെ 8 മുതൽ രാത്രി 9 വരെ റിസർവേഷൻ സൗകര്യം
ഒരു പാസിൽ ദിവസം മൂന്ന് സിനിമകൾ റിസർവ് ചെയ്യാം
റിസർവേഷനിൽ മാറ്റം വരുത്താനോ പാസില്ലാതെ പ്രവേശിക്കാനോ അനുമതിയില്ല
റിസർവ് ചെയ്ത ഡെലിഗേറ്റുകൾ എത്താത്ത സാഹചര്യത്തിൽ ആ സീറ്റുകളിലേക്ക് ക്യൂവിലുള്ളവരെ പരിഗണിക്കും
ഭിന്നശേഷിക്കാരായ ഡെലിഗേറ്റുകൾക്കായി റാമ്പുൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങളും ക്യൂ നിൽക്കാതെ പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്