തിരുവനന്തപുരം: ഈ പകലൊടുങ്ങിയാൽ ക്രിക്കറ്റ് ആവേശത്തിലേക്കാണ് തലസ്ഥാനം ഉണർന്നെണീക്കുന്നത്. ഇന്ത്യ- വിൻഡീസ് അന്താരാഷ്ട്ര 20-ട്വന്റി മത്സരത്തിന് കാര്യവട്ടത്ത് ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 95ശതമാനത്തോളം ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞിട്ടുണ്ട്. മഴയില്ലാത്ത, തെളിഞ്ഞ കാലാവസ്ഥയാണെന്നാണ് പ്രവചനം. ആയിരം പൊലീസുകാരുടെ സുരക്ഷാ കവചമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസിന്റെ പ്രത്യേക ക്രമീകരണങ്ങളുണ്ടാവും.
രണ്ട് ടീമുകളും ഇന്ന് തലസ്ഥാനത്തെത്തും. വിമാനത്താവളത്തിൽ ഗംഭീരമായ സ്വീകരണമാണ് താരങ്ങൾക്ക് നൽകുക. മത്സരത്തിനായി രണ്ടും പരിശീലനത്തിന് നാലും വിക്കറ്റുകളൊരുക്കിയിട്ടുണ്ട്. മാണ്ഡ്യയിൽ നിന്നെത്തിച്ച കളിമണ്ണുകൊണ്ട് നിർമ്മിച്ച പിച്ചിൽ റണ്ണൊഴുകുമെന്നാണ് പ്രതീക്ഷ. ബി.സി.സി.ഐയുടെ സാങ്കേതികസംഘം പിച്ചും സ്റ്റേഡിയവും പരിശോധിച്ച് അന്തിമ ക്ലിയറൻസ് നൽകും. പച്ചവിരിച്ച സ്റ്റേഡിയത്തിലെ അവസാനവട്ട ഒരുക്കങ്ങളിലാണ് അധികൃതർ. ആസ്ട്രേലിയൻ ഇതിഹാസതാരം ഡേവിഡ് ബൂൺ ആണ് മാച്ച് റഫറി. പഴുതടച്ച സുരക്ഷയാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. അടിയന്തര സാഹചര്യം നേരിടാൻ ആംബുലൻസുകൾ അടക്കമുള്ള മുൻകരുതലുകൾ ഒരുക്കും. ആരോഗ്യസേവനത്തിനായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫസ്റ്റ് എയ്ഡ് കിയോസ്കുകളുണ്ട്. ഫസ്റ്റ് എയ്ഡ് റൂമുകളും കാഷ്വാലിറ്റി സൗകര്യവുമുണ്ട്. അഗ്നിബാധ തടയാൻ നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സർവസജ്ജരായി സ്റ്റേഡിയത്തിലുണ്ടാവും. കാണികളെ അടിയന്തരമായി ഒഴിപ്പിക്കേണ്ട സാഹചര്യം നേരിടാൻ എമർജൻസി എക്സിറ്റ് പ്ലാൻ തയ്യാറാണ്. ഏത് വഴിയിലൂടെ പുറത്തേക്ക് പോകണമെന്ന് സൂചിപ്പിക്കുന്ന രേഖാചിത്രങ്ങൾ സ്റ്റേഡിയത്തിൽ സ്ഥാപിക്കും. എമർജൻസി റെസ്പോൺസ് ടീം സ്റ്റേഡിയത്തിലുണ്ടാവും.
മഫ്തി പൊലീസ് ഉൾപ്പെടെ 1000 പൊലീസുകാർ സുരക്ഷയൊരുക്കും. സ്റ്റേഡിയവും പരിസരവും പൊലീസിന്റെ സി.സി ടിവി നിരീക്ഷണത്തിലായിരിക്കും. കാറുകളും ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. മത്സരദിവസം വൈകിട്ട് അഞ്ചു മുതൽ കാണികളെ പ്രവേശിപ്പിക്കും. ടിക്കറ്റിനൊപ്പം എല്ലാവരും തിരിച്ചറിയൽ കാർഡ് കരുതണം. സീറ്റുകൾക്ക് നമ്പർ നൽകുന്നത് പൂർത്തിയായിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റിൽ സീറ്റ് നമ്പർ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ മണിക്കൂറുകൾക്ക് മുൻപേ സ്റ്റേഡിയത്തിൽ കയറി സീറ്റുപിടിക്കേണ്ട ആവശ്യമില്ല. സ്റ്റേഡിയത്തിനുള്ളിലേക്ക് കുപ്പിവെള്ളം, ശീതളപാനീയം, പ്ലാസ്റ്റിക്, കുട, കമ്പിവടി, തീപ്പെട്ടി, ലഹരിവസ്തുക്കൾ തുടങ്ങിയവ പ്രവേശിപ്പിക്കില്ല. സ്റ്റേഡിയത്തിലേക്കോ, കളിക്കാർക്ക് നേരെയോ ഏതെങ്കിലും വസ്തുക്കൾ വലിച്ചെറിയാൻ ശ്രമിച്ചാൽ പൊലീസ് നടപടിയെടുക്കും.
റോഡിൽ ഇങ്ങനെ
നഗരത്തിലെ ഗതാഗതക്കുരുക്കനുസരിച്ച് റോഡുകൾ വൺവേ ആക്കുകയും വാഹനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്യും. പാർക്കിംഗിനും ട്രാഫിക് നിയന്ത്റണത്തിനും പൊലീസ് മാസ്റ്റർപ്ലാനുണ്ടാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കാമ്പസ്, കാര്യവട്ടം കോളേജ്, എൽ.എൻ.സി.പി.ഇ എന്നിവിടങ്ങളിലാണ് പാർക്കിംഗ്. ഇരുചക്രവാഹനങ്ങൾ സ്റ്റേഡിയത്തിലെ രണ്ട് പാർക്കിംഗ് ഗ്രൗണ്ടുകളിലായി പാർക്ക് ചെയ്യണം. മത്സരശേഷം കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ നടത്തും. സ്റ്റേഡിയത്തിലും പരിസരത്തും വെളിച്ചത്തിന് വേണ്ടിയുള്ള അധിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തി.
ഭക്ഷണം ഇവിടെ
ആഹാരത്തിനും കുടിവെള്ളത്തിനും സ്റ്റേഡിയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഉൾപ്പെടെ 20 ഏജൻസികളെ ഭക്ഷണവിതരണത്തിനായി ചുമതലപ്പെടുത്തി. ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണം ഉണ്ടാകും. ശീതളപാനീയങ്ങളും ലഭ്യമാവും. ഗാലറിയുടെ ഇരുവശങ്ങളിലായി ആറു വീതം കൗണ്ടറുകളായിരിക്കും ഉണ്ടാവുക. ചപ്പാത്തി-ചിക്കൻകറി, ചപ്പാത്തി-വെജിറ്റബിൾ കറി എന്നിവയായിരിക്കും പ്രധാന ഭക്ഷണയിനം. ഇതിനുപുറമേ ലഘുഭക്ഷണമായി ഉഴുന്നുവട, ഉള്ളിവട, പഴംപൊരി, ഇലയട തുടങ്ങിയ വിഭവങ്ങളും കൗണ്ടറുകളിൽ ലഭിക്കും. നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ശുചിത്വ മിഷനും ഭക്ഷണ വിതരണം നിരീക്ഷിക്കും. പൂർണമായി ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കും.
മഴ വന്നാൽ
മത്സരത്തിന് മഴ വില്ലനാകില്ലെന്ന പ്രതീക്ഷയാണുള്ളത്. അഥവാ മഴയുണ്ടായാൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. 50 ഗ്രൗണ്ട് സ്റ്റാഫിനെയും ഗ്രൗണ്ട് പൂർണമായും മൂടാൻ ആവശ്യമായ കവറുകളും സജ്ജീകരിച്ചിട്ടുണ്ട്. മത്സരത്തിനായി രണ്ട് വിക്കറ്റുകളും നാല് പ്രാക്ടീസ് വിക്കറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്.
കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ തിരുവനന്തപുരത്തിന് ലഭിക്കാൻ ഈ മത്സരം സമ്പൂർണ വിജയമാക്കണം. മികച്ച കായികാനുഭവവും ആവേശവും ഉറപ്പാക്കുന്ന മത്സരമാക്കി ഇന്ത്യ- വിൻഡീസ് മത്സരം മാറ്റാൻ എല്ലാവരും സഹകരിക്കണം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംഘാടക സമിതി ചെയർമാൻ