gst-

ന്യൂഡൽഹി: രാജ്യം സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിലവിലെ ജി.എസ്.ടി നിരക്കുകൾ വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. നിലവിലെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് ഒൻപത് മുതൽ പത്ത് ശതമാനം വരെ വർദ്ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ജി.എസ്.ടി നടപ്പാക്കി രണ്ടരവർഷം പിന്നിടുമ്പോളാണ് നികുതി പരിഷ്കരിക്കാൻ കേന്ദ്രം വീണ്ടും ആലോചിക്കുന്നത്.

നിലവിൽ 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങൾ 18 ശമതാനം സ്ലാബിലേയ്ക്ക് കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. ജി.എസ്.ടി സ്ലാബുകൾ പരിഷ്‌കരിക്കുന്നതോടെ ഒരു ലക്ഷംകോടി രൂപയുടെ അധിക വരുമാനം സർക്കാരിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി ഈടാക്കാത്ത ഉത്പന്നങ്ങളിലും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുന്നതിനും ആലോചനയുണ്ട്.

കേന്ദ്രത്തിന്റെ തീരുമാനം നടപ്പായാൽ റെസ്റ്റോറന്റ് നിരക്കുകൾ, ലോട്ടറി, ഹോട്ടൽ മുറി, വിമാനയാത്ര, ട്രെയിൻയാത്ര എന്നിവയുടെ വിലയിൽ കാര്യമായ വർദ്ധനയുണ്ടാകും. നടപ്പ് സാമ്പത്തിക വർഷത്തെ പ്രതീക്ഷിത ജി.ഡി.പി വളർച്ചാ നിരക്ക് റിസർവ് ബാങ്ക് താഴ്ത്തിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. കൂടുതൽ വരുമാനം നേടി ജി.ഡി.പി വളർച്ചാ നിരക്ക് ഉയർത്താനാണ് ശ്രമം. അതേസമയം, ചരക്ക് സേവന നികുതിയിൽനിന്നുള്ള വരുമാനം കുറയുകയും സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തുക കേന്ദ്രം നൽകാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങളുടെ നികുതി സ്ലാബ് ഉയർത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്‌.