kerala-cm

തിരുവനന്തപുരം: ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പായെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ സന്ദർശനം ഏതൊക്കെ ഘട്ടങ്ങളിൽ നടത്തിയോ അതിന്റെ ഗുണം ചെയ്തിട്ടുണ്ട്. ജപ്പാൻ-കൊറിയ യാത്ര യുവജനങ്ങളെ മുന്നിൽകണ്ടാണ് നടത്തിയത്. ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെ കുറിച്ച് നല്ല മതിപ്പാണെന്നും സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നീറ്റ ജലാറ്റിൻ കമ്പനി കേരളത്തിൽ കൂടുതൽ നിക്ഷപം നടത്തുമെന്നും തോഷിബ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടുമെന്നും അദ്ദേഹം പറ‌ഞ്ഞു. കേരളത്തിൽ തന്നെ ഉത്പാദനം വർദ്ധിപ്പിക്കൽ,​ അതോടൊപ്പം വിഭവങ്ങളുടെ നീതിയുക്തമായ വിതരണം ഇതെല്ലാം പ്രകടന പത്രികയിൽ അവതരിപ്പിച്ച അടിസ്ഥാന സമീപനങ്ങളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്.

"ജപ്പാനും കൊറിയയുമാണ് ഈയടുത്ത ദിവസങ്ങളിൽ സന്ദർശിച്ചത്. അടിസ്ഥാന സൗകര്യം,​ വിദ്യാഭ്യാസം,​ ആരോഗ്യം,​ പുത്തൻ വ്യവസായങ്ങൾ ഇത്തരം കാര്യങ്ങളിൽ നമുക്ക് വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതായിട്ടുണ്ട്. ആ ഉദ്ദേശത്തോടെയാണ് ജപ്പാനും കൊറിയയും സന്ദർശിച്ചത്. വിജയകരമായ സന്ദർശനമായിരുന്നു. ഉത്പാദനം നല്ല രീതിയിൽ വർദ്ധിപ്പിക്കേണ്ടതുണ്ട്. വിദേശത്തുപോയപ്പോഴെല്ലാം അതിന്റെ നേട്ടങ്ങൾ നേരിട്ട് വിശദീകരിച്ചിട്ടുണ്ട്. ആരുടെയെങ്കിലും വിമർശനങ്ങൾക്ക് മറുപടി പറയാനില്ല".-മുഖ്യമന്ത്രി പറഞ്ഞു.