കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി ചാൻസലർ കൂടിയായ ഗവർണർ സർവകലാശാലയിലെ മാർക്കുദാന വിവാദത്തിൽ ബന്ധപ്പെട്ട കക്ഷികളുടെ ഹിയറിംഗ് നടത്തുന്നു. വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ പാരമ്പര്യം തകർക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് മറ്റൊരു ദേശക്കാരനായ ഗവർണർ മുന്നറിയിപ്പ് നല്കുന്നു. ഹിയറിംഗിൽ വിദ്യാഭ്യാസമന്ത്രി ഒരു പ്രതിയെപ്പോലെ പങ്കെടുക്കേണ്ടി വരുന്ന ദയനീയ അവസ്ഥ. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് എന്താണു നടക്കുന്നത്? കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന മട്ടിൽ എല്ലാത്തിനും കുടചൂടാൻ ഒരു മുഖ്യമന്ത്രിയും.
മിതഭാഷിയായ ചാൻസലർ അങ്ങേയറ്റം സംയമനത്തോടെ നടത്തിയ പരാമർശങ്ങൾ യഥാർത്ഥത്തിൽ മന്ത്രിക്കെതിരേയുള്ള കുറ്റപത്രം തന്നെയാണ്. സാങ്കേതിക സർവകലാശാലയുടെ അദാലത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ പങ്കെടുത്ത് മാർക്കുദാനത്തിന് നിർദേശിച്ച തീരുമാനം പ്രത്യക്ഷത്തിൽത്തന്നെ തെറ്റാണെന്നു ബോദ്ധ്യപ്പെട്ടതു കൊണ്ടാണല്ലോ ഗവർണർ ഹിയറിംഗ് നടത്താൻ തീരുമാനിച്ചത്.
മന്ത്രി അദ്ദേഹത്തിന്റെ അധികാരപരിധി വിട്ട് ഗവർണറുടെ അനുമതിയില്ലാതെ അദാലത്തിൽ പങ്കെടുത്തതും ചട്ടപ്രകാരമല്ലാത്ത മൂന്നാം മൂല്യനിർണയത്തിനു നിർദേശം നല്കിയതും അധികാര ദുർവിനിയോഗമാണെന്നു ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് മഹാനായ മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലുള്ള സാങ്കേതിക സർവകലാശാലയുടെ പ്രതിച്ഛായ തകർത്തെന്നും റിപ്പോർട്ടിലുണ്ട്.
അധികാര ദുർവിനിയോഗം
കഴിഞ്ഞ ഫെബ്രുവരി 27നാണ് തിരുവനന്തപുരത്ത് സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനത്ത് അദാലത്ത് നടത്തിയത്. ആദ്യ പരീക്ഷയിൽ 100ൽ 28 മാർക്കോടെ തോറ്റ ബിടെക് വിദ്യാർത്ഥിക്ക് റീവാലുവേഷനിൽ 32 മാർക്കാണ് ലഭിച്ചത്. പിന്നീട് മൂല്യനിർണയമില്ല. പകരം, സപ്ലിമെന്ററി പരീക്ഷയാണ്. അതിനു പോകാതെയാണ് വിദ്യാർത്ഥി മൂന്നാം മൂല്യനിർണയത്തിനു സർവകലാശാലയെ സമീപിച്ചത്. വൈസ് ചാൻസലർ ഇതു നിയമവിരുദ്ധമായതിനാൽ നിരസിച്ചെങ്കിലും അദാലത്തിൽ മന്ത്രി അപേക്ഷ സ്വീകരിച്ച് മൂന്നാം മൂല്യനിർണയത്തിന് തീരുമാനിക്കുകയായിരുന്നു. ഇതിൽ 48 മാർക്കു നേടി കുട്ടി ജയിച്ചു. ഗുരുതരമായ ഈ തെറ്റ് തിരുത്താനാണ് ഗവർണറുടെ നീക്കം. ഇതിന്റെ ഭാഗമായി മന്ത്രി, വൈസ് ചാൻസലർ, വിദ്യാർത്ഥി എന്നിവരെ ഹിയറിംഗിനു വിളിച്ച് തീരുമാനമെടുക്കും.ഇതുവരെ ഒഴിവുകഴിവു പറഞ്ഞിരുന്ന മന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണ്. മന്ത്രി ഉദ്ഘാടനം ചെയ്ത എം. ജി സർവകലാശാലയുടെ അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് ബിടെക് വിദ്യാർത്ഥികൾക്ക് ഒരു മാർക്കിന്റെ മോഡറേഷൻ കൂട്ടി നൽകാനാണ് തീരുമാനിച്ചത്. ഉദ്യോഗസ്ഥർ ഇതിനെ എതിർത്തപ്പോൾ വിസി തീരുമാനം അക്കാഡമിക് കൗൺസിലിനു വിട്ടു. 2016 മുതൽ നടന്നുവരുന്ന ഈ തട്ടിപ്പിലൂടെ 727വിദ്യാർത്ഥികളുടെ മാർക്കിൽ വ്യത്യാസം വന്നു. സർവകാലാശാലയുടെ കംപ്യൂട്ടർ സിസ്റ്റത്തിലും സോഫ്ട് വെയറിലും പഴിചാരുകയാണ് ഇപ്പോൾ.
മന്ത്രിയുടെ മലക്കം മറിച്ചിൽ
അദാലത്തു നടത്തുന്നത് സർവകലാശാലകളാണെന്നും അതിന്റെ കുറ്റം തന്റെ തലയിൽ വച്ചുകെട്ടരുതെന്നുമാണ് മന്ത്രി ഇതുവരെ ന്യായീകരിച്ചിരുന്നത്. എന്നാൽ, മന്ത്രി തന്നെയാണ് അദാലത്ത് നടത്തിയതെന്നും അതിൽവച്ച് ഫയലുകൾ കാണുകയും പരാതികൾ സ്വീകരിക്കുകയും ചെയ്തതിന്റെ തെളിവുകൾപുറത്തുവന്നു. കേരളത്തിലെ സർവകലാശാലകളിൽ തീരുമാനമെടുക്കാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് 2019 ഫെബ്രു- മാർച്ച് മാസങ്ങളിൽ അദാലത്ത് നടത്തേണ്ടതാണ്. അതിൽ മന്ത്രി പങ്കെടുക്കുന്നതുമാണ്. അദാലത്തിൽ വരുന്ന ഫയലുകൾ പ്രത്യേക സെൽ തീർപ്പാക്കേണ്ടതും മന്ത്രിയുടെ ഇടപെടൽ ആവശ്യമായ ഫയലുകൾ മാത്രം മന്ത്രിയുടെ പരിഗണനയ്ക്ക് വിടേണ്ടതുമാണ്. ചാൻസലറുടെ അനുമതി ഇല്ലാതെ മന്ത്രി സർവകലാശാലകളിലെ അദാലത്തിൽ പങ്കെടുക്കുന്നതും തീരുമാനം കൈക്കൊള്ളുന്നതും അധികാര ദുർവിനിയോഗമാണെന്നിരിക്കെയാണ് മന്ത്രി കെ.ടി. ജലീൽ ഇത്തരം നടപടികളുമായി മുന്നോട്ടു പോയത്. ഇത്തരം ക്രമവിരുദ്ധ നടപടികളെ ഇനി എന്തു കള്ളം പറഞ്ഞ് ന്യായീകരിക്കും? മന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു പോംവഴിയും മുന്നിലില്ല.
വിവാദം കൂടെപ്പിറപ്പ്
തദ്ദേശസ്വയം ഭരണവകുപ്പ് കുളമാക്കിയതിനെ തുടർന്നാണ് ജലീലിനെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കു മാറ്റിയത്. അന്ന് അദ്ദേഹം നടത്തിയ ബന്ധുനിയമനം വൻവിവാദമായിരുന്നു. പിതൃസഹോദര പുത്രനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരാക്കി നിയമിച്ചത് എല്ലാ ചട്ടങ്ങളും നിയമങ്ങളും തെറ്റിച്ചുകൊണ്ടുള്ള നടപടിയായിരുന്നു. ഇവിടെയും കയ്യോടെ പിടിക്കപ്പെട്ടപ്പോൾ, ഒരു പാവപ്പെട്ട കുട്ടിയ സഹായിക്കാൻ ചെയ്ത കാരുണ്യപ്രവർത്തനമെന്ന മട്ടിൽ കണ്ണീരൊഴുക്കി രക്ഷപ്പെടാനുള്ള പഴുതുകൾ തേടുകയാണ്.
ഉന്നതവിദ്യാഭ്യാസം തകർച്ചയിൽ
ഉന്നതപഠനത്തിന് മിക്കവാറും കുട്ടികൾ ഇന്നു കേരളത്തിനു പുറത്തേക്കും വിദേശത്തേക്കും പോകുന്നു. കടുത്ത കമ്യൂണിസ്റ്റുകാരുടെ മക്കൾ മിക്കവരും വിദേശത്താണ് പഠിക്കുന്നത്. ലക്ഷങ്ങളാണ് ഇതിനായി രക്ഷിതാക്കൾ ചെലവാക്കുന്നത്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നല്കാൻ ബാങ്ക് വായ്പയും മറ്റുമായി വലിയ ബാദ്ധ്യതകളാണ് ഏറ്റെടുക്കുന്നത്. 82 വർഷം പിന്നിട്ട കേരള സർവകലാശാല തുടങ്ങിയപ്പോൾ നോബൽ സമ്മാനജേതാവ് ആൽബർട്ട് ഐൻസ്റ്റൈനെ പ്രതിമാസം 6,000 രൂപ ശമ്പളത്തിന് വൈസ് ചാൻസലറാക്കാൻ നീക്കം നടത്തിയിരുന്നു. സാങ്കേതിക സർവകലാശാല ഇന്ത്യയുടെ പ്രഗത്ഭനായ പുത്രൻ എ.പി.ജെ . അബ്ദുൾ കലാമിന്റെ പേരിലാണ്. കോട്ടയത്തെ സർവകലാശാല ഗാന്ധിജിയുടെ പേരിലും. ഈ പേരുകളോടെങ്കിലും അല്പം ആദരവ് കാട്ടാൻ പ്രതിബദ്ധയും സത്യസന്ധയുമുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയെയാണ് നാടിന് ആവശ്യം.