കുഞ്ഞുങ്ങളെ വളരെ വേഗമാകർഷിക്കുന്ന ഒന്നാണ് ബലൂണുകൾ. എന്നാൽ പലതരത്തിലും വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമൊക്കെയുള്ള ബലൂണുകൾ കാറ്റുനിറയ്ക്കാതെ ഒരിടത്ത് വച്ചിരുന്നാൽ ഒരു കുഞ്ഞും അതു വേണമെന്ന് നിർബന്ധം പിടിക്കില്ല. മറിച്ച് അവ ഊതി വീർപ്പിച്ചു വച്ചിരിക്കുന്നതായാൽ കുട്ടികൾ അത് വേണമെന്ന് വാശിപിടിക്കും. ഈ ബലൂണുകളിൽ പുരട്ടിയ ചായങ്ങളും വരച്ചുവച്ചിരിക്കുന്ന കാർട്ടൂണുകളും ഭാരമില്ലാതെ പറത്തിക്കളിക്കാമെന്ന സൗകര്യങ്ങളുമൊക്കെയാണു കുട്ടികളെ ആകർഷിക്കുന്നത്. രണ്ട് ബലൂൺ കാറ്റുനിറച്ച് കൊടുത്താൽ ഒരു കുഞ്ഞ് എത്രനേരം വേണമെങ്കിലും കരയാതെയിരുന്ന് കളിച്ചുകൊള്ളും. അവന്റെ നിഷ്കളങ്കമായ മുഖത്തു വിരിയുന്ന പുഞ്ചിരി കുറേ നേരത്തേക്കെങ്കിലും മായാതെ നില്ക്കും. എന്നാൽ ബലൂണുകളെ തനിക്കിഷ്ടപ്പെട്ടതാക്കി നിലനിറുത്തുന്നത് അതിനുള്ളിൽ ഊതി നിറച്ചുവച്ചിരിക്കുന്ന വായുവാണെന്ന വാസ്തവികത മനസിലാക്കാനുള്ള പാകത കുഞ്ഞിനു കൈവന്നിട്ടില്ല. അതിനാൽ അവൻ ആ കളിവസ്തു ഒരിക്കലും നശിക്കാത്തതാണെന്നാണ് ധരിച്ചിരിക്കുന്നത്. എന്നാൽ കളികൾക്കിടയിൽ അവയൊന്നു പൊട്ടിപ്പോവുകയാണെങ്കിൽ എല്ലാ കളിചിരികളും അടങ്ങി അവൻ കരയാൻ തുടങ്ങും. കാറ്റുപോയി ചുരുങ്ങിയ ബലൂണിന്റെ പൊട്ടിപ്പോയ തോലിനെ പിന്നീട് അവൻ ഇഷ്ടപ്പെടുകയേയില്ല.
ഇങ്ങനെ കുട്ടികൾക്ക് കളിക്കാനും അവരെ കബളിപ്പിക്കാനും മുതിർന്നവർ വാങ്ങിക്കൊടുക്കുന്ന ബലൂൺ പോലെയാണ് നമ്മൾ കേൾക്കാനും പറയാനും ആഗ്രഹിക്കുന്ന മുഖസ്തുതികൾ. ഊതിവീർപ്പിച്ച ബലൂൺ കുഞ്ഞുങ്ങളെ ആകർഷിക്കുകയും തൃപ്തരാക്കുകയും ചെയ്യുന്നതുപോലെ ഊതിവീർപ്പിച്ച മുഖസ്തുതികളിൽ ഒട്ടുമിക്കയാളുകളും വളരെ വേഗം അകപ്പെട്ടും ആകർഷിക്കപ്പെട്ടും പോവുകയാണ്. സാധാരണക്കാർ മുതൽ സമൂഹത്തിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്നവർ വരെ ഉള്ള് പൊള്ളയായ ഇത്തരം സ്തുതികളിൽ വീണ്ടുവിചാരമില്ലാതെ വീണുപോകാറുണ്ട്. ഒടുവിലാണ് കാറ്റുപോയി പൊട്ടിയ ബലൂൺ പോലെയായിരുന്നു ഈ മുഖസ്തുതികളെന്ന ചിന്തയിലേക്ക് പലരുമെത്തുക.
ഒരാളെ ഉപഹാരങ്ങളും സമ്മാനങ്ങളും നല്കിയും ആകർഷിക്കുന്നതിനേക്കാൾ വേഗത്തിൽ മുഖസ്തുതികൾ കൊണ്ട് ആകർഷിക്കാം. രാജാക്കന്മാരും ഭരണതന്ത്രജ്ഞരും ശാസ്ത്രജ്ഞരും എഴുത്തുകാരുമൊക്കെ ഇങ്ങനെ സ്തുതിപാഠകരുടെയിടയിലേക്കു ആകർഷിക്കപ്പെട്ടിട്ടുണ്ട്. ഇതുമൂലം സ്ഥാനത്യാഗം ചെയ്യേണ്ടിവന്നവരും അപമാനിക്കപ്പെട്ടു പോയവരും കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവന്നവരും അപവാദക്കുരുക്കിൽപ്പെട്ടു ജീവിതത്തിന്റെ ശോഭകെട്ടുപോയവരും അനേകമുണ്ട്. ഒരു യുദ്ധത്തെപ്പോലും മാറ്റിമറിക്കാനുള്ള ശക്തി ആയുധങ്ങളെക്കാൾ മുഖസ്തുതിക്കുണ്ടെന്നതാണു നേര്. അതുകൊണ്ട് എവിടെ മുഖസ്തുതിയുണ്ടോ അവിടെ നേരിന്റെ ഇരിപ്പിടം മറയപ്പെട്ടു പോകുന്നുവെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. എല്ലാ അഴിമതികൾക്കും പക്ഷപാതത്തിനും വലിയൊരളവിൽ കരുത്തു പകരുന്നത് ഇത്തരം മുഖസ്തുതികളാണെന്നതും ശ്രദ്ധേയമാണ്. എന്തുകൊണ്ടെന്നാൽ നേരിനൊപ്പമല്ലാത്ത ആനുകൂല്യമാണ് സ്തുതിപാഠകന്മാരുടെ ലക്ഷ്യം. നേരുകാണുന്നവനും നേരറിയുന്നവനും നേരനുഭവിക്കുന്നവനും ഒരു നേരത്തും മുഖസ്തുതിയെ മുഖവിലയ്ക്കെടുക്കുകയില്ല. പക്ഷേ അത്തരക്കാർ ചരിത്രത്തിൽ വളരെ വിരളമാണെന്നു കാണാം.
പ്രമുഖർ പോലും മുഖസ്തുതി പറഞ്ഞു പ്രശംസിക്കുന്നവരെ നല്ല ചങ്ങാതിമാരായിട്ടാണു കാണുന്നത്. അത് തിരുത്തപ്പെടുന്നത് ഇത്തരക്കാർക്ക് അനുകൂലമായി നിന്നതിൽ വീഴ്ച സംഭവിച്ചു എന്നു തിരിച്ചറിയുമ്പോഴാണ്. അതല്ലെങ്കിൽ അനുകൂലമായി യാതൊന്നും സാദ്ധ്യമാകാതെ വരുമ്പോൾ വേഗം ശത്രുക്കളായി വേഷം മാറുന്ന ഇത്തരക്കാരുടെ തനിപ്രകൃതം കാണുമ്പോഴാണ്.
നമുക്കു തെറ്റുപറ്റുമ്പോൾ നമ്മെ ശരിയിലേക്കു തിരുത്തുന്നവൻ, നമുക്കു നേരിന്റെ പാത മറയുമ്പോൾ ശരിയുടെ പാത കാണിച്ചു തരുന്നവൻ, ആരോ അവനാണ് യഥാർത്ഥ ചങ്ങാതിയെന്ന സത്യം നമ്മൾ പലപ്പോഴും വിസ്മരിക്കുന്നു. ഈ വസ്തുതയെ തുറന്നു കാട്ടുന്നതിനാണു പ്രശസ്ത ആംഗലേയ ചിന്തകനും എഴുത്തുകാരനുമായിരുന്ന ജോർജ്ജ് ചാപ്മാൻ (1559 1634) ഇപ്രകാരം പറഞ്ഞത്. മുഖസ്തുതിക്കാർ ചങ്ങാതികളാണെന്നു തോന്നിപ്പിക്കും. ചെന്നായ്ക്കൾ നായ്ക്കളാണെന്നു തോന്നിപ്പിക്കും പോലെ.
ഇതെത്ര ശരിയാണെന്നറിയാൻ നമ്മുടെ ചുറ്റുവട്ടത്തേക്കൊന്നു കാതോർത്താൽ മതി. വിഷത്തേക്കാൾ മാരകമാണിത്. അതിനാൽ നേരിനൊപ്പം നേരായിരിക്കാൻ നമുക്കു സാധിക്കണം. ഇങ്ങനെ എല്ലാവരും നേരിനൊപ്പം നിലകൊള്ളുന്ന ഒരു കാലം, ഒരു രാജ്യം, ഒരു ലോകം വരണം. അതിനാണ് സ്വർഗരാജ്യം എന്നു യേശുദേവനും സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്നു ഗുരുദേവ തൃപ്പാദങ്ങളും അരുളിയത്.
നേരിൽ നിന്നും അകലുമ്പോഴാണു നേരല്ലാത്തതെല്ലാം തെളിഞ്ഞു വരുന്നതും അവയൊക്കെ ഉള്ളതായി തോന്നുന്നതും. ഉദാഹരണത്തിനു കയറിൽ നിന്നും അകലുമ്പോഴാണു കയറിൽ പാമ്പ് പൊന്തി വരുന്നത്. അതുപോലെ മരുഭൂമിയിൽ ജലമില്ലെന്ന നേരിൽ നിന്നും വ്യതിചലിക്കുമ്പോഴാണ് കാനൽജലം എന്ന മോഹക്കാഴ്ച പൊന്തിവരുന്നത്.
ഒന്നുണ്ടു നേരു, നേരല്ലിതൊന്നും, മർത്ത്യർക്കു സത്യവും
ധർമ്മവും വേണമായുസും നില്ക്കുകില്ലാർക്കുമോർക്കുക.
ഗുരുദേവതൃപ്പാദങ്ങൾ സദാചാരം എന്ന ലഘുകൃതിയിലെ ഈ പദ്യത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നതും തിരുത്തുന്നതും നേരിൽ നിന്നും അകന്നു പോകരുതെന്നാണ്. അകന്നുപോയാൽ സത്യവും ധർമ്മവും മാത്രമല്ല ആയുസ് പോലും നിലനില്ക്കുകയില്ലെന്ന് ഓർക്കണം. അതുകൊണ്ട് കാറ്റ് ഏതു നിമിഷവുമറ്റു പോകുന്ന ബലൂൺപോലെ നേരറ്റതായിരിക്കുന്ന മുഖസ്തുതികളിൽപ്പെട്ടു നമ്മുടെ നല്ല നേരവും നേരും നഷ്ടപ്പെട്ടു പോകരുത്.