തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എഴുത്തുകാരൻ ടി.പത്മനാഭൻ രംഗത്ത്. ക്ഷേത്രം വിശ്വാസികൾക്കുള്ളതാണെന്നും ആക്ടിവിസ്റ്റുകൾക്ക് കേറി പ്രകടനം നടത്താനുള്ള സ്ഥലമല്ലെന്നും ടി.പത്മനാഭൻ പറഞ്ഞു. ആരെയും നിർബന്ധിച്ച് കൊണ്ടുപോകാൻ പാടില്ലെന്നും താത്പര്യമുള്ളവർ വല്ല ചിട്ടകൾ ഉണ്ടെങ്കിൽ അതനുസരിച്ച് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഞാൻ വിശ്വാസിയല്ല. പക്ഷേ, മൂന്നുതവണ ശബരിമലയിൽ പോയി. ഇരുമുടിക്കെട്ടെടുത്തിട്ടില്ല. ആരും എതിർത്തിട്ടില്ല. ഞാൻ ഒരു ഗലാട്ടയും കാണിച്ചിട്ടുമില്ല. മലകയറി കണ്ടു മടങ്ങി. ശബരിമലയുടെ തലവേദനയുണ്ടാവുന്നത് ആ വിഷയം തലയിലേറ്റിനടക്കുന്നവർക്കാണ്. ശബരിമല വിഷയത്തിൽ നിന്ന് രാഷ്ട്രീയം കഴുകിക്കളഞ്ഞാൽ പിന്നെയെന്ത് പ്രശ്‌നം, ഒന്നുമില്ല. എനിക്ക് ശബരിമല വിഷയത്തിൽ സ്വന്തമായ ഒരു അഭിപ്രായമുണ്ട്- ടി.പത്മനാഭൻ പറഞ്ഞു.
അതേസമയം, കേരളത്തിൽ ആദരവ് തോന്നിയ ഒരു നേതാവാണ് പിണറായി വിജയനെന്ന് ടി.പത്മനാഭൻ പറഞ്ഞു. വ്യക്തികളെ ഇഷ്ടപ്പെടുന്നത് അവരുടെ സമീപനങ്ങൾ കൊണ്ടാണെന്നും പിണറായി വിജയനെ താൻ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പിണറായിയെ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങിയിട്ട് കാലമേറെയായെന്നും അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ടെന്നും പത്മനാഭൻ വ്യക്തമാക്കി.