ബുള്ളറ്റിനെ ദെെവമായി ആരാധിക്കുന്ന ഒരു നാടുണ്ട്. ഒരു ഗ്രാമം മുഴുവനുമാണ് 350 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിനെ ദൈവമായി ആരാധിക്കുന്നവര്‍. രാജസ്ഥാനിലെ ജോധ്പ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി ഛോട്ടില എന്ന സ്ഥലത്താണ് ഈ സ്ഥലം. ബുള്ളറ്റ് ബാബ ക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നു. ബുള്ളറ്റ് തന്നെയാണ് ഇവിടുത്തെ പ്രതിഷ്ഠ. സുരക്ഷിതമായ യാത്രയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനെത്തുന്നവരാണ് ഇവിടുത്തെ ഭക്തര്‍.
1991 മുതലാണ് ബുള്ളറ്റിനെ ഇവിടെ ദൈവമായി ആരാധിക്കാന്‍ തുടങ്ങുന്നത്. അന്നത്തെ ആ ബുള്ളറ്റാണ് ഭക്തര്‍ക്കും തന്നെ തേടി എത്തുന്നവര്‍ക്കും ശുഭയാത്ര ആശംസിച്ച് ഒരു മരച്ചുവടിന് സമീപമുള്ള ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഛോട്ടില ഗ്രാമത്തലവന്റെ മകന്‍ ഓം സിംഗ് റാത്തോഡിന്റേതാണ് ഈ ബുള്ളറ്റ്. 1991ലാണ് അദ്ദേഹം മരണപ്പെട്ടത്. പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയ വാഹനം പിറ്റേ ദിവസം അപകടം നടന്ന സ്ഥലത്താണ് ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ സാധിച്ചത്.
അവര്‍ വീണ്ടും ഇത് സ്റ്റേഷനിന്‍ കൊണ്ടു വച്ചു. ഒപ്പം ആരും എടുത്തു കൊണ്ട് പോകാതിരിക്കാന്‍ പെട്രോളും കാലിയാക്കി. എന്നാല്‍, പിറ്റേ ദിവസവും ബുള്ളറ്റ് അപകടസ്ഥലത്ത് എത്തി. അതോടെ, വാഹനം ഓം സിംഗിന്റെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിന്നീട് ഈ ബുള്ളറ്റ് ഒരു ഗുജറാത്ത് സ്വദേശി വാങ്ങി. എന്നാല്‍, വീണ്ടും വാഹനം അപകട സ്ഥലത്ത് എത്തിയത്രേ. അതോടെ ആളുകള്‍ സിംഗിന്റെ ദൈവമായി കണ്ട് ആരാധിച്ചു തുടങ്ങി. പതുക്കെ ഇവിടം വലിയ തിരക്കുള്ള ആരാധനാലയമായി മാറി. നിരവധി കഥകളും പ്രചരിച്ചു തുടങ്ങി. അപകടംപറ്റിയാല്‍ ബാബ രക്ഷിക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
മദ്യപിച്ച് വണ്ടിയോടിച്ചതിനാലാണ് ഓം സിംഗ് മരിച്ചതെന്നാണ് ഇവിടെ കുറേപ്പേര്‍ വിശ്വസിക്കുന്നത്. അതിനു കാരണമായി പറയുന്നത് രാത്രി കാലങ്ങളില്‍ ഇതുവഴി പോകുന്നവരോട് ഒരു ചെറുപ്പക്കാരന്‍ മദ്യം ചോദിക്കാറുണ്ടത്രെ. അങ്ങനെ ബൈക്കിനു മുകളിലൂടെ ബിയര്‍ ഒഴിച്ചു കൊടുക്കുന്ന വഴിപാടുമായി. ക്ഷേത്രത്തിന് മുന്നില്‍ എത്തുമ്പോള്‍ ഹോണ്‍ മുഴക്കുന്നതാണ് മറ്റൊരു വഴിപാട്. ഇങ്ങനെ ഹോണ്‍ മുഴക്കിയില്ലെങ്കില്‍ തിരികെ വീട്ടില്‍ എത്തില്ലെന്നും ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.