തിരുവനന്തപുരം: ആത്മവിശ്വാസം വർദ്ധിക്കുന്നതിന് യോഗയും കൗൺസലിംഗുമെല്ലാം മുറപോലെ നടന്നിട്ടും പൊലീസ് സേനയിൽ ആത്മഹത്യ വർദ്ധിക്കുന്നു.
പൊലീസുകാരെ മാനസികമായി ശക്തരാക്കുന്നതിന് അക്കാഡമിയിൽ കൗൺസലിംഗ് നടത്തുന്ന എസ്.ഐയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. തുടർച്ചയായ ഊമപ്പരാതികളിൽ നിരന്തരം അന്വേഷണമുണ്ടായതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നടുവേദനയുണ്ടായിട്ടും അവധി നൽകാത്തതിനെ തുടർന്ന് നന്ദാവനം എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ഓഫീസിന് മുകളിൽ ആത്മഹത്യയ്ക്കൊരുങ്ങിയത് അടുത്തിടെയാണ്.
അതിനിടെ, പൊലീസുകാരെ മാനസികമായി ശക്തരാക്കാൻ പ്രത്യേക പരിശീലനവും ആരംഭിച്ചു. ഇതിനായി ട്രെയിനിംഗ് മൊഡ്യൂളുണ്ടാക്കി. മാനസിക, കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാൻ സൈക്കോളജിസ്റ്റുകളുൾപ്പെട്ട സമിതിയുണ്ടാക്കി. മാനസിക സംഘർഷമുള്ളവരെ തിരുവനന്തപുരം എസ്.എ.പിയിലേക്ക് കൗൺസലിംഗിന് അയയ്‌ക്കാനും ആ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കാനും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. എല്ലാ ജില്ലകളിലും കൗൺസലിംഗ് സെന്ററുകളുണ്ടാക്കാനുള്ള ശ്രമവും ഫലിച്ചില്ല. യോഗ പരിശീലനവും അപ്രായോഗികമായി. മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടാലും സസ്‌പെൻഷൻ കിട്ടുന്ന സ്ഥിതിയുമായി.
മുഖ്യമന്ത്രിയുടെ
നാല് നിർദ്ദേശങ്ങൾ
മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ആരോഗ്യകരമാവണം. മോശം പെരുമാറ്റം ഉണ്ടാകരുത്.
സേനാംഗങ്ങളുടെ വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്‌നം ജില്ലാപൊലീസ് മേധാവിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കണം.
ചുമതലാബോധമുണ്ടാകണം. കുടുംബത്തെ മറന്ന് ജോലി ചെയ്യിച്ച് മാനസിക സംഘർഷമുണ്ടാക്കരുത്.
പൊലീസിനെതിരായ ആക്ഷേപങ്ങളിൽ കഴമ്പുണ്ടെങ്കിലേ സർക്കാർ ചെവികൊടുക്കൂ, തെറ്റു ചെയ്യുന്നവരോട് വിട്ടുവീഴ്ചയില്ല.
പരിശീലനം പലവിധം
മാനസിക സംഘർഷം ലഘൂകരിക്കാൻ സ്ട്രെസ് മാനേജ്മെന്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്ക്യാട്രി വിഭാഗവുമായി ചേർന്ന് സി.ഐ, എസ്.ഐമാർക്ക് ട്രെയിനിംഗ്
പൊലീസ് പരിശീലനത്തിൽ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ടൈം ആൻഡ് സ്ട്രെസ് മാനേജ്മെന്റ്
എല്ലാ സ്റ്റേഷനുകളിലും യോഗാ പരിശീലനം
കാരണങ്ങൾ
അമിതമായ ജോലിഭാരം
മേലുദ്യോഗസ്ഥരുടെ അമിതാധികാരം
തൊഴിൽസ്ഥലത്തെ മോശം പെരുമാറ്റം
ഉന്നതഉദ്യോഗസ്ഥരുടെ വേട്ടയാടൽ
നിസാരകുറ്റങ്ങൾക്കും ശിക്ഷ
കുടുംബത്തിനായി സമയമില്ല
ആത്മഹത്യ :
ഡിവൈ.എസ്.പി-1
സർക്കിൾ ഇൻസ്പെക്ടർ-5
എസ്.ഐ, എ.എസ്.ഐ-17
സി.പി.ഒ-26
വനിതാ സി.പി.ഒ-4
സേനയിലെ പൊലീസുകാർ - 61,000
36 മാസത്തിനിടെ ജീവനൊടുക്കിയത് - 53 പൊലീസുകാർ
'ആത്മഹത്യകളിൽ ഭൂരിഭാഗവും വ്യക്തിപരമായ കാരണങ്ങളാണ് . നിസാര കാര്യങ്ങളിൽ പൊലീസുകാർ തളരരുത്. സേനയാകെ നിങ്ങൾക്കൊപ്പമുണ്ട്".
- ലോക്‌നാഥ് ബെഹ്റ, പൊലീസ്‌മേധാവി