കൊച്ചി: ഒരുലക്ഷം കോടി രൂപ അധിക വരുമാനം ലക്ഷ്യമിട്ട് ജി.എസ്.ടി നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചേക്കും. അടുത്തയാഴ്‌ച ജി. എസ്. ടി കൗൺസിൽ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും
നികുതി വരുമാനം കുറഞ്ഞ 5%, 12% സ്ലാബുകൾ നിറുത്തലാക്കും. പകരം 9% - 10% സ്ലാബ് വരും. 5%, 12% സ്ളാബുകളിലെ മിക്ക ഉൽപന്നങ്ങളെയും ഉയർന്ന സ്ളാബിലേക്ക് മാറ്റുന്നതിനാൽ വിലക്കയറ്റം രൂക്ഷമാകും.
നികുതിക്ക് പുറത്തുള്ള ഒട്ടേറെ ഉത്‌പന്നങ്ങളെയും സേവനങ്ങളെയും ജി.എസ്.ടിയിൽ കൊണ്ടുവരും. സ്വകാര്യ ആശുപത്രികളിലെ ചികിത്സ, 1000 രൂപയ്ക്ക് താഴെയുള്ള ഹോട്ടൽ താമസം, ഉയർന്ന മൂല്യമുള്ള വീടുകൾ പാട്ടത്തിന് നൽകൽ, ബ്രാൻഡഡ് അല്ലാത്ത പനീർ, കള്ള് എന്നിവ ഇതിൽ ഉൾപ്പെടുത്തിയേക്കും.
പരിഷ്‌കാരങ്ങൾ ഇങ്ങനെ
5% സ്ളാബിലുള്ള ഏതാനും ജനപ്രിയ ഉത്പന്നങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കും. ബാക്കി 9% -10% സ്ളാബിലേക്ക്
12% സ്ളാബിലെ 243 ഉത്‌പന്നങ്ങളിൽ ഏതാനും 9-10 % സ്ളാബിലേക്ക്. ബാക്കി 18% സ്ളാബിലാക്കും.
18%, 28% സ്ളാബുകൾ തുടരും. സിഗററ്റ് പോലെ നിരുത്സാഹപ്പെടുത്തേണ്ട ഉത്പന്നങ്ങൾ, അത്യാഡംബര ഉത്പന്നങ്ങൾ എന്നിവയുടെ സെസ് വർദ്ധിപ്പിച്ചേക്കും.
വരുമാനം ഇടിഞ്ഞു
ജി. എസ്. ടി വരുമാനം പ്രതിമാസം 1.18 ലക്ഷം കോടിയായിരുന്നു ലക്ഷ്യം. സെപ്‌തംബറിൽ ഇത് 91,916 കോടിയായി ഇടിഞ്ഞു. ഒക്‌ടോബറിൽ 95,380 കോടിയും നവംബറിൽ 1.03 ലക്ഷം കോടിയുമായിരുന്നു സമാഹരണം.
എതിർക്കില്ല
വരുമാനക്കുറവ് മൂലം കേരളം ഉൾപ്പെടെ ഒട്ടേറെ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം ജി. എസ്. ടിയുടെ നഷ്‌ടപരിഹാരം നൽകുന്നില്ല. അതിനാൽ നികുതി വർദ്ധനയെ സംസ്ഥാനങ്ങൾ എതിർക്കാനിടയില്ല. കേന്ദ്രത്തിന്റെ ഈ ബാദ്ധ്യതയിൽ ഈവർഷം 13,750 കോടിയും അടുത്തവർഷം 20,000 കോടിയും വർദ്ധിക്കും. ഇതും കണക്കിലെടുത്താണ് നികുതി കൂട്ടുന്നത്.
5% സ്ളാബ്
ബ്രാൻഡഡ് ഭക്ഷ്യധാന്യം, ധാന്യപ്പൊടി, ഇക്കണോമി ക്ളാസ് വിമാനയാത്ര, എ.സി ട്രെയിൻ യാത്ര, പാംഓയിൽ, ഒലിവ് ഓയിൽ, പീസ, ഡ്രൈഫ്രൂട്ട്‌സ്, ബ്രാൻഡഡ് മോര്, സിൽക്ക്, ലിനൻ, ക്രൂസ് യാത്ര, ഉല്ലാസ ബോട്ട് യാത്ര, ടൂർ സേവനങ്ങൾ, കാറ്ററിംഗ്, റെസ്‌റ്റോറന്റ് ഭക്ഷണം.
12% സ്ളാബ്
മൊബൈൽ ഫോൺ, ബിസിനസ് ക്ളാസ് വിമാനയാത്ര, സംസ്ഥാന ലോട്ടറികൾ, ചെലവേറിയ പെയിന്റിംഗുകൾ, 5000-7000 രൂപ വാടകയുള്ള ഹോട്ടൽ മുറികൾ.
''ജി.എസ്.ടി കാലാനുസൃതമായി പരിഷ്‌കരിക്കണം. അത് തീരുമാനിക്കേണ്ടത് ജി.എസ്.ടി കൗൺസിലാണ്"",
നിർമ്മല സീതാരാമൻ,
കേന്ദ്ര ധനമന്ത്രി