പരീക്ഷണ(എക്സ്പിരിമെന്റൽ) ചലച്ചിത്രങ്ങളിൽ പലതും ഒരു മുൻവിധിയോടെയാണ് പ്രേക്ഷകൻ കാണാൻ എത്തുക. പരീക്ഷണ ചിത്രങ്ങൾ പലപ്പോഴും ആസ്വദിക്കാൻ ആകില്ലെന്നും അത് ബോറടിപ്പിക്കുമെന്നും ഇരുത്തം വന്ന ചലച്ചിത്രാസ്വാദകൻ പോലും കരുതുന്നു. എന്നാൽ പ്രേക്ഷകന്റെ ക്ഷമ ആവശ്യപ്പെടമ്പോൾത്തന്നെ കാമ്പുള്ള ആഴമുള്ള ജീവിതാവസ്ഥകൾ പ്രേക്ഷകനിലേക്ക് എത്തിക്കുകയാണ് പരീക്ഷണ സിനിമകൾ പലപ്പോഴും ചെയ്യുന്നതെന്നത് ഒരു വസ്തുതയാണ്. ഈ മട്ടിൽ ഒറ്റക്കാഴ്ചയിൽ അർത്ഥരഹിതമെന്ന് തോന്നിക്കുന്ന, എന്നാൽ അർത്ഥഗർഭമായ ദൃശ്യങ്ങളാൽ സമൃദ്ധമായ ചിത്രമാണ്, അല്ലെങ്കിൽ ചലച്ചിത്ര ദ്വയമാണ് രുചിർ ജോഷിയുടെ 'മെമ്മറീസ് ഒഫ് മിൽക്ക് സിറ്റി'. രണ്ട് ചിത്രങ്ങളെ ഉൾകൊള്ളുന്ന 'ഒറ്റസിനിമ'യാണിത്.
പ്രശസ്ത ഗുജറാത്തി കവിയായ മധു റായിയുടെ കവിതകൾ അദ്ദേഹത്തിന്റെ തന്റെ ശബ്ദത്തിൽ കേൾപ്പിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ഒരിക്കൽ താൻ പ്രണയിച്ച നഗരത്തെ തടിച്ച നിറംകെട്ട ഭർത്താവിനൊപ്പം വിരസജീവിതം നയിക്കുന്ന പൂർവ കാമുകിയോട് മധു റായി താരതമ്യപ്പെടുത്തുമ്പോൾ അതാണ് ഏറ്റവും മികച്ച ഉപമ എന്ന് പ്രേക്ഷകന് തോന്നിപോകും. തന്നെ സൃഷ്ടിച്ച അഹമ്മദാബാദിനെ മാതൃനഗരമായി കാണാൻ വിസമ്മതിക്കുന്ന മധു റായിയുടെ കൊൽക്കത്തയെ കുറിച്ചുള്ള ഓർമശകലങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇതോടൊപ്പം കൽക്കത്ത എന്ന സ്വപ്നനഗരത്തിന്റെ ഏതാനും ദൃശ്യങ്ങളും ചടുലമായ കവിതയുടെ അതേ ചടുല താളത്തോടെ പ്രേക്ഷകന് മുൻപിലേക്ക് എത്തുന്നു.
കൊൽക്കത്തയുടെ സൗന്ദര്യവും അതിന്റെ വൃത്തികേടുകളും അതുമായി ബന്ധപ്പെട്ടുള്ള ഗൃഹാതുരതയും അതിവേഗത്തിൽ നമ്മുക്ക് മുൻപിലായി മിന്നി മറയമ്പോൾ ക്ഷമയില്ലാത്ത പ്രേക്ഷകൻ ചിലപ്പോൾ തീയറ്റർ വിട്ടപോയെന്ന് വരാം. എന്നാൽ അൽപ്പം ക്ഷമിക്കാമെങ്കിൽ, അൽപ്പം കൂടി ശ്രദ്ധയോടെ ചിത്രം കാണാമെങ്കിൽ ഏതാനും ഫ്രെയിമുകളിലൂടെ മാത്രം കൊൽക്കത്തയുടെ ആത്മാവ് നമ്മുക്ക് മുൻപിലേക്കെത്തിക്കുന്ന ഈ ചിത്രം അതിന്റെ പൂർണാർത്ഥത്തിൽ ആസ്വദിക്കാൻ സാധിക്കും.
ഈ ആസ്വാദനം ലക്ഷ്യമാക്കിക്കൊണ്ട് തന്നെയാണ് ആദ്യ ചിത്രം അവസാനിച്ചു കഴിഞ്ഞ് അടുത്ത ചിത്രം ആരംഭിക്കുന്നത് സൂചിപ്പിച്ചുകൊണ്ട് ടൈറ്റിലുകൾ തെളിയമ്പോഴും പ്രേക്ഷകൻ ഇരിപ്പിടത്തിൽ നിന്നും അനങ്ങാത്തത്. ആദ്യ ചിത്രം കൊൽക്കൊത്ത എന്ന ഗൃഹാതുരത്വത്തെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ രണ്ടാമത്തെ പാശ്ചാത്യ ഓറിയന്റലിസം പിടിമുറുക്കിയ കൊൽക്കൊത്തയെ കുറിച്ചും അതിന്റെ രാഷ്ട്രീയത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. ഒപ്പം ആ കാലത്തെ ജീവിതത്തെയും സിനിമയെയും കുറിച്ചും. 1991ൽ പുറത്തിറങ്ങിയ ഈ 16 എം.എം ചിത്രം ജർമനിയിൽ വച്ച് റിസ്റ്റോർ ചെയ്ത ശേഷമാണ് രുചിർ ജോഷി പ്രദർശനത്തിനെത്തിച്ചത്.