abvp

കൊല്ലം: എ.ബി.വി.പി സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് വിദ്യാർത്ഥി റാലിയോടെ തുടക്കം. വീരബലിദാനികളുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. വേലുത്തമ്പിദളവയുടെ പേരിൽ സജ്ജമാക്കിയ ആനന്ദവല്ലീശ്വരം എൻ.എസ്.എസ് ആഡിറ്റോറിയത്തിലെ സമ്മേളനനഗരിയിൽ സംസ്ഥാന സമ്മേളനം മുൻ ദേശീയ സംഘടനാ സെക്രട്ടറി സുനിൽ അംബേക്കർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി സമൂഹത്തെ വഴിതെ​റ്റിച്ച് അക്രമത്തിലേക്കും രാജ്യവിരുദ്ധ പ്രവർത്തനത്തിലേക്കും എത്തിക്കുകയാണ് ഇടതുപക്ഷമെന്ന് സുനിൽ അംബേക്കർ പറഞ്ഞു. മാർക്ക്ദാനത്തിലൂടെ മന്ത്റി കെ.ടി. ജലീൽ കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ പരിഹസിക്കുകയാണെന്നും സുനിൽ അംബേക്കർ ആരോപിച്ചു. പ്രസിഡന്റ് ഡോ. ബി.ആർ. അരുൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. ഷാജി, ആർ. രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വിശാഖ്, മഹാനഗർ സെക്രട്ടറി ആതിര വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നാരംഭിച്ച് ചിന്നക്കട, റെയിൽവേ സ്റ്റേഷൻ വഴി ക്യു.എ.സി മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ദേശീയ സഹസംഘടനാ സെക്രട്ടറി ജി. ലക്ഷ്മൺ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ പ്രമേയാവതരണവും ചർച്ചയും നടക്കും.

എ.ബി.വി.പി സംസ്ഥാന പ്രസിഡന്റായി ഡോ. അരുൺ കടപ്പാലിനെയും സെക്രട്ടറിയായി എം.എം. ഷാജിയെയും ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. ഡോ. അരുൺ കടപ്പാൽ കൊല്ലം മുഖത്തല സ്വദേശിയും എം.എം. ഷാജി പാലക്കാട് ചെർപ്പുളശേരി സ്വദേശിയുമാണ്.