കൊച്ചി: ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ സർക്കാർ പിൻവലിച്ചു. ഐസിസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന സുരക്ഷയാണ് പിൻവലിച്ചത്.. സർക്കാരിനെതിരായ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ പിൻവലിച്ചതെന്ന് കെമാൽ പാഷ ആരോപിച്ചു. ഇതുകൊണ്ടൊന്നും തന്റെ നാവടയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐസിസ് ഭീഷണിയെത്തുടർന്ന് തനിക്ക് രണ്ടുവർഷത്തോളമായി സായുധരായ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ സുരക്ഷ പരിശോധന കമ്മിറ്റി ഇക്കാര്യം പരിശോധിച്ചപ്പോൾ തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് തീരുമാനിച്ചതായാണ് തന്നോട് പറഞ്ഞത്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് അസോസിയേഷന് തനിക്ക് സുരക്ഷ നൽകുന്നതിൽ എതിർപ്പുണ്ട്. വാളയാര്‍, അട്ടപ്പാടി സംഭവങ്ങളിലെ വിഷയങ്ങളിൽ താൻ ശരിയായി പ്രതികരിച്ചിരുന്നു. ഇതാവാം എതിർപ്പിന് കാരണം. ഇനിയും താൻ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്തും. ഇവർ കരുതുന്നത് തന്റെ സുരക്ഷ പിൻവലിച്ചാൽ താൻ ഇവരുടെ കാല് പിടിക്കും എന്നാണ്. എന്റെ വായ ഇങ്ങനെയൊന്നും അടയ്ക്കാന്‍ കഴിയില്ല. ഇനിയും തന്റെ നാവ് ശബ്ദമില്ലാത്തവർക്ക് വേണ്ടി ശബ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു.