lulu-group

ലണ്ടൻ: ലുലു ഗ്രൂപ്പിന്റെ ഹോസ്‌പിറ്രാലിറ്റി നിക്ഷേപക സ്ഥാപനമായ ട്വന്റി14 ഹോൾഡിംഗ്‌സ് ബ്രിട്ടനിൽ 2,800 കോടി രൂപയുടെ നിക്ഷേപം നടത്തി. ലോക പ്രസിദ്ധവും ചരിത്ര പ്രാധാന്യവുമുള്ള സ്‌കോട്‌ലാൻഡ് യാർഡ് മന്ദിരം 2015ൽ 1,025 കോടി രൂപയ്ക്ക് ട്വന്റി14 ഹോൾഡിംഗ്‌സ് സ്വന്തമാക്കിയിരുന്നു. ഇത്, അത്യാഡംബര ഹോട്ടലാക്കി മാറ്രാനായി 512 കോടി രൂപയുടെ നവീകരണവും നടത്തി.

2018ൽ സ്കോട്‌ലൻഡിലെ വാൾഡോർഫ് എസ്‌റ്രോറിയ എഡിൻബർഗ് - ഡി കാലെഡോണിയൻ മന്ദിരവും കൂടി ഏറ്റെടുത്തതോടെയാണ് നിക്ഷേപം 2,800 കോടി കവിഞ്ഞത്. വെസ്‌റ്ര് മിൻസ്‌റ്ററിലെ സെന്റ് ജെയിംസിലുള്ള സ്‌കോട്‌ലൻഡ് യാർഡ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ഹയാത്ത് ബ്രാൻഡിനാണ്. ലണ്ടന്റെ ചരിത്രവും പ്രധാന്യവുമാണ് ഗ്രേറ്ര് സ്‌കോട്ലൻഡ് യാർഡ് ഹോട്ടൽ പ്രതിനിധീകരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

ഏഴു നിലകളിലായി 153 മുറികളും 15 സ്യൂട്ടുകളുമാണ് ഹോട്ടലിലുള്ളത്. വ്യവസായ പ്രമുഖർ, സെലബ്രിറ്റികൾ, രാഷ്‌ട്രത്തലവന്മാർ എന്നിവർക്കായി രണ്ട് ബെഡ്‌റൂം ടൗൺ ഹൗസ് വി.ഐ.പി സ്യൂട്ടുകളും ഇതിലുണ്ട്. 120 സീറ്റുകളുള്ള കോൺഫറൻസ് റൂമുമുണ്ട്.