ലക്നൗ: കഴിഞ്ഞ 2 വർഷത്തിനിടെ 103 ക്രിമിനലുകളെ വെടിവച്ചു കൊലപ്പെടുത്തിയെന്ന് യു.പി പൊലീസ്.

യു.പിയിലെ പൊലീസ് സേന ഹൈദരാബാദിലെ പൊലീസിനെ കണ്ട് പഠിക്കണമെന്ന ബി.എസ്.പി ദേശീയ അദ്ധ്യക്ഷ മായാവതിയുടെ പ്രസ്താവനയ്ക്ക് ട്വിറ്ററിലൂടെ മറുപടി നൽകുകയായിരുന്നു പൊലീസ്.

യു.പിയിൽ പീഡന കൊലപാതക കേസുകൾ വർദ്ധിക്കേ പൊലീസ് ഉറക്കത്തിലാണെന്നും ഹൈദരാബാദിൽ പീഡനകേസിലെ പ്രതികളായ നാലു പേരെ വെടിവച്ചു കൊലപ്പെടുത്തിയ തെലങ്കാന പൊലീസ് അഭിനന്ദനം അർഹിക്കുന്നുവെന്നുമാണ് കഴിഞ്ഞദിവസം മായാവതി പറഞ്ഞത്. ചുട്ടമറുപടിയാണ് യു.പി പൊലീസ് നൽകിയത്.

'ഗുണ്ടാ ഭരണം പണ്ട് നടക്കുമായിരുന്നു. ഇന്നത്തെ കാലത്ത് വിലപ്പോകില്ല.കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 5178 പൊലീസ് ഓപ്പറേഷനുകൾ നടന്നു. ഇതിൽ 103 ക്രിമിനലുകൾ കൊല്ലപ്പെട്ടു. 1859 പേർക്ക് വിവിധ ആക്രമണങ്ങളിൽ പരിക്കേറ്റു. ഈ കാലഘട്ടത്തിൽ യോഗി സർക്കാരിനെ ഭയന്ന് 17745 ക്രിമിനലുകൾ കീഴടങ്ങി. ജീവഭയം കൊണ്ട് കീഴടങ്ങുകയാണെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഈ കണക്കുകൾ വ്യക്തമാക്കും യു.പി പൊലീസ് നിഷ്‌ക്രിയരല്ലെന്ന്." -ഉത്തർപ്രദേശ് പൊലീസ് ട്വീറ്റ് ചെയ്തു.