prd

ദേവസ്വം ബോർഡ് എൽ.ഡി.ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2: സംവരണത്തിനായി സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യണം
തിരുവനന്തപുരം: കേരള ദേവസ്വം റിക്രുട്ടമെന്റ് ബോർഡ് പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി.ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2 തസ്തികയിലേക്കുളള സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഹിന്ദു സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർഥികൾ (ഇ.ഡബ്ല്യൂ.എസ്) ഇക്കാര്യം തെളിയിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും നിശ്ചിത മാതൃകയിൽ സാക്ഷ്യപത്രം മറ്റ് സർട്ടിഫിക്കറ്റുകൾക്കൊപ്പം അവരവരുടെ പ്രൊഫൈലിൽ 31ന് മുമ്പ് അപ്‌ലോഡ് ചെയ്യണം. അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സെക്രട്ടറിക്ക് നേരിട്ടോ തപാൽമാർഗ്ഗമോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.kdrb.kerala.gov.in.


നോർക്ക റുട്ട്​സ്: പുതിയ രാജ്യങ്ങളിലേയ്ക്കും മേഖലകളിലേയ്ക്കും
റിക്രൂട്ട്‌​മെന്റ് വ്യാപിപ്പിക്കുന്നു
തിരുവനന്തപുരം: പുതിയ രാജ്യങ്ങളിലേയ്ക്കും മേഖലകളിലേയ്ക്കും റിക്രൂട്ട്‌​മെന്റ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്​സ് നഴ്​സുമാർ, ഡോക്ടർമാർ, ടെക്​നീഷ്യൻമാർ എന്നിവയ്ക്ക് പുറമേ അദ്ധ്യാപകർ, എൻജിനിയർമാർ മറ്റ് സാങ്കേതിക വിദഗ്ദ്ധർ എന്നിവരുടെ റിക്രൂട്ട്‌​മെന്റും നടത്തും. മാലിദ്വീപിലേക്ക് നഴ്​സുമാരുടെ നിയമനത്തിന് പുറമെ അദ്ധ്യാപക നിയമനത്തിനും അവസരം ഒരുങ്ങുന്നു.

ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്​സ് മുഖേന നിയമനം നടത്തും. എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയിൽ (on shore, off shore) നിശ്ചിത പ്രവർത്തി പരിചയവുമുള്ള വിദഗ്ദ്ധരായ എൻജിനിയർമാരിൽ നിന്നും

ടെക്​നീഷ്യൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21. ഫോൺ: 9447339036 (രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ), ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.


പിന്നാക്ക സമുദായ ക്ഷേമം: നിയമസഭാ സമിതി സിറ്റിംഗ് 12ന് പത്തനംതിട്ടയിൽ
തിരുവനന്തപുരം: കേരള നിയമസഭ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി 12ന് രാവിലെ 10.30ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പത്തനംതിട്ട ജില്ലയിൽ നിന്നും ലഭിച്ചിട്ടുള്ളതും സമിതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഹർജികളിൻമേൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. സർക്കാർ സർവീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങൾ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും അവർ നേരിടുന്ന വിദ്യാഭ്യാസവും സാമൂഹ്യപരവുമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും സമുദായത്തിൽപ്പെട്ട വ്യക്തികളിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും ഹർജികൾ/ നിവേദനങ്ങൾ സ്വീകരിക്കും. ഹർജികളും നിവേദനങ്ങളും നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ഹർജികൾ/ നിവേദനങ്ങൾ ഒപ്പ് രേഖപ്പെടുത്തി സമിതി ചെയർമാനെ അഭിസംബോധന ചെയ്ത് നൽകണം.