gold

കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്ത് വർദ്ധിക്കുന്നതായി ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്രിക് കൗൺസിൽ (ജി.ജെ.സി) ചെയർമാൻ എൻ. അനന്തപത്മനാഭൻ പറഞ്ഞു. അങ്കമാലിയിൽ ഇന്നലെ ആരംഭിച്ച ത്രിദിന ജെം ആൻഡ് ജുവലറി ഷോയോട് അനുബന്ധിച്ച് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2012ൽ എട്ട് ടണ്ണായിരുന്നു ഇന്ത്യയിൽ അനധികൃതമായി എത്തിയ സ്വർണം എന്നാണ് അനുമാനം. 2013ൽ ഇത് 150 ടണ്ണിലെത്തി. 2014ൽ 224 ടൺ, 2015ൽ 119 ടൺ, 2016ൽ 116 ടൺ, 2017ൽ 105 ടൺ, കഴിഞ്ഞവർഷം 100 ടൺ എന്നിങ്ങനെയും കള്ളക്കടത്ത് സ്വർണം ഇന്ത്യയിലേക്ക് ഒഴുകി. 2017ൽ 1,031 ടൺ ഇന്ത്യ ഇറക്കുമതി ചെയ്‌തിരുന്നു. 2018ൽ ഇത് 942 ടണ്ണായി കുറഞ്ഞു. ഇതിൽ 100 ടൺ കള്ളക്കടത്ത് വഴിയാണെന്നാണ് വിലയിരുത്തൽ.

അനധികൃത സ്വർണക്കടത്തിൽ 65-70 ശതമാനം വിമാന മാർഗവും 20-25 ശതമാനം കടൽ വഴിയുമാണ്. ഗൾഫ്, മ്യാൻമർ, മറ്ര് ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് അനധികൃത സ്വർണമെത്തുന്നത്. കസ്‌റ്രംസ് നികുതി 10ൽ നിന്ന് 12.5 ശതമാനത്തിലേക്ക് ഉയർത്തിയതാണ് കള്ളക്കടത്ത് വർദ്ധിക്കാൻ മുഖ്യ കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്വ‌ർണത്തിന്റെ ജി.എസ്.ടി മൂന്നിൽ നിന്ന് അഞ്ചു ശതമാനമായി വർദ്ധിപ്പിക്കാനുള്ള നീക്കം വ്യവസായത്തെ തകർക്കും.

ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ, കൂടുതൽ ഹാൾമാർക്കിംഗ് സെന്ററുകൾ തുറക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി.എസ്.എം.എ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്‌ദുൽ നാസർ, സുമേഷ് വധേര തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.