ന്യൂഡൽഹി: സമ്പദ്‌വളർച്ചയ്ക്ക് ഉണർവേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അവർ. നികുതി നിരക്കുകൾ ലളിതമാക്കാനും നിരുപദ്രവകരമാക്കാനുമാണ് സർക്കാരിന്റെ ശ്രമം.
ജി.ഡി.പി വളർച്ചയ്ക്ക് കുതിപ്പേകാൻ ആഗസ്‌റ്ര് മുതൽ ഒട്ടേറെ ഉത്തേജക പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. സെപ്‌തംബറിൽ കോർപ്പറേറ്ര് നികുതി 10 ശതമാനം വെട്ടിക്കുറച്ചു. കഴിഞ്ഞ 28 വർഷത്തിനിടെയിലെ ഏറ്റവും വലിയ നികുതി ഇളവാണിത്. 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായാണ് കുറച്ചത്. പുതിയ കമ്പനികളുടെ നികുതി 25 ശതമാനത്തിൽ നിന്ന് 15 ശതമാനവുമാക്കി. ഇതിലൂടെ സർക്കാരിന്റെ നികുതി വരുമാനത്തിൽ 1.45 ലക്ഷം കോടി രൂപയുടെ കുറവുണ്ടാകുമെന്നും എന്നാൽ അത് കാര്യമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വ്യാവസായിക ഉത്‌പാദനം വർദ്ധിപ്പിക്കാനും ഉപഭോക്തൃ വിപണിക്ക് ഉണർവേകാനും ലക്ഷ്യമിട്ട് പൊതുമേഖലാ ബാങ്കുകൾ സംഘടിപ്പിച്ച വായ്‌പാ മേളയിലൂടെ കഴിഞ്ഞ രണ്ടുമാസംകൊണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ വായ്‌പകൾ വിതരണം ചെയ്‌തു. നിലവിലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രാജ്യം കരകയറുന്നുണ്ട്. ചില മേഖലകൾക്ക് ഇപ്പോഴും സഹായം ആവശ്യമാണ്. അവയ്ക്ക് സർക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തീരുമാനം ബഡ്‌ജറ്റിൽ?
ഉപഭോക്തൃ വിപണിക്ക് ഉണർവേകാൻ ആദായ നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം അടുത്ത ബഡ്‌ജറ്റിൽ ഉണ്ടായേക്കും. നിലവിലെ ആദായ നികുതി സ്ളാബുകൾ പരിഷ്‌കരിക്കാനാണ് സാദ്ധ്യത ഏറെ. നിലവിൽ 5%, 10%, 20% എന്നീ സ്ളാബുകളാണുള്ളത്.
ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്ന നടപടി:
5 % സ്ളാബിലുള്ളവർ റിബേറ്റ് മുഖേന നികുതിയിൽ നിന്ന് ഒഴിവാകും.
5 മുതൽ 10 ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി 20ൽ നിന്ന് 10 ശതമാനമാകും.
10 മുതൽ 20 ലക്ഷം രൂപ വരെ 20 ശതമാനം നികുതി
20 ലക്ഷം മുതൽ രണ്ടുകോടി വരെ 30 ശതമാനം നികുതി
രണ്ടു കോടിക്കു മേൽ 35 ശതമാനം നികുതി