അഞ്ചാലുംമൂട് (കൊല്ലം): മൊബൈലിൽ പകർത്തിയ കുളിമുറി ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ വിവിധ ലോഡ്‌ജുകളിലെത്തിച്ച് പലർക്കായി കാഴ്ചവച്ച സംഭവത്തിൽ പെൺകുട്ടിയുടെ അമ്മായിയും ലോഡ്ജ് നടത്തിപ്പുകാരനും അടക്കം നാലുപേരെ കൊല്ലം അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ മാതൃസഹോദര ഭാര്യ തേവള്ളി ഡിപ്പോ പുരയിടത്തിൽ തുരുത്തേൽവീട്ടിൽ ലിനറ്റ് (30), കരുനാഗപ്പള്ളിയിൽ ലോഡ്ജ് നടത്തിപ്പുകാരായ പാവുമ്പ മണപ്പള്ളി കിണറുവിളയിൽ പ്രദീപ് (33), തറയിൽ വീട്ടിൽ റിനു (33), പന്മന ആക്കൽഭാഗം കൈപ്പള്ളി വീട്ടിൽ നജീം (42) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുന്ന ലിനറ്റ് പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉന്നതരടക്കമുള്ളവർക്ക് കാഴ്ചവയ്ക്കുകയായിരുന്നു. നിരന്തര പീഡനത്തിൽ മനംനൊന്ത് ഒരുമാസം മുമ്പ് നാടുവിട്ട പെൺകുട്ടിയെ പൊലീസ് കണ്ടെത്തുകയും കൊട്ടിയത്ത് മഠത്തിലാക്കുകയും ചെയ്തിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിംഗിലാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.
തിരുവനന്തപുരം, കൊട്ടിയം,കൊല്ലം എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പെൺകുട്ടിയെ പലർക്കായി കാഴ്ച വച്ചതായി പൊലീസ് സൂചിപ്പിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി.കെ.മധുവിന്റെ നേതൃത്വത്തിൽ എ.സി.പി എ.പ്രദീപ്കുമാർ, അഞ്ചാലുംമൂട് സി. ഐ അനിൽകുമാർ, എസ്. ഐ നിസാർ, ലകേഷ്‌കുമാർ, വനിതാ എസ്. ഐ അനിലാകുമാരി, സി.പി.ഒ മാരായ മായ, ബദറുന്നിസ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.