ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും കൂട്ടമാനഭംഗം റിപ്പോർട്ട് ചെയ്തു. ബുലന്ദ്‌ഷെഹറിൽ 14കാരിയായ പെൺകുട്ടിയാണ് മാനഭംഗത്തിനിരയായത്. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് അക്രമികൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. സംഭവത്തിൽ നാല് പേരെ പൊലീസ് പിടികൂടിയതായാണ് വിവരം. പിടിയിലായ മൂന്ന് പേരും പ്രായപൂർത്തിയെത്താത്തവരാണെന്നാണ് വിവരം. ഇന്ന് രാവിലെ ഉന്നാവിൽ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊന്ന വാർത്തയുടെ നടുക്കം വിട്ടുമാറും മുൻപാണ് ഈ രണ്ട് സംഭവങ്ങളും.
ബിഹാറിൽ അഞ്ച് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന വാർത്തയും ഇന്ന് പുറത്തുവന്നു. സംഭവത്തിൽ ടെംപോ ഡ്രൈവറായ ഒരാളെ അറസ്റ്റ് ചെയ്തു.
കൊൽക്കത്തയിൽ ആറുവയസുകാരിയെ ബാത്ത്റൂമിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അയൽക്കാരനാണിയാൾ. കൊൽക്കത്ത ഗാർഡൻ റീച്ച് തർത്താല റോഡിലെ കെട്ടിടത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ബാത്ത്റൂമിനകത്ത് പെൺകുട്ടിയെ പൂട്ടിയിട്ടശേഷമാണ് യുവാവ് പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ വെള്ളിയാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു.