ന്യൂഡൽഹി : ഉന്നാവോയിൽ പീഡനത്തിരയായ യുവതിയെ തീകൊളുത്തി കൊന്ന പ്രതികൾക്ക് ഹൈദരാബാദ് മോഡൽ ശിക്ഷ നടപ്പാക്കണമെന്ന് യുവതിയുടെ അച്ഛൻ. മകൾക്ക് നീതി ഉറപ്പാക്കാനായി പൊലീസ് ഒന്നുംചെയ്തില്ലെന്നും പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ആട്ടിയോടിക്കുകയായിരുന്നുവെന്നും യുവതിയുടെ അച്ഛൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ ബലാത്സംഗക്കേസ് വിചാരണ നടക്കുകയായിരുന്ന കോടതിയിലേക്ക് പോകവേയാണ് യുവതിക്കെതിരെ ആക്രമണമുണ്ടായത്. യുവതിയുടെ ഗ്രാമത്തിന് പുറത്ത് വച്ച് കേസിലെ പ്രതികൾ ഇവരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
യുവതിയെ ബലാത്സംഗം ചെയ്ത ശിവം ത്രിവേദി, ശുഭം ത്രിവേദി അടക്കമുള്ള പ്രതികൾ കേസിൽ ജാമ്യത്തിലിറങ്ങിയത് ആക്രമണത്തിന് ഏതാനും ദിവസം മുമ്പാണ്. ഇതിന് ശേഷമാണ് ഇവർ യുവതിയെ ആക്രമിച്ചത്. അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.