ഹൈദരാബാദ് : വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്ക് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാല് തവണ വെടിയേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. അതിനിടെ ഏറ്റുമുട്ടൽ കൊലകൾ നാടകമാണെന്ന ആരോപണം ശക്തമാകുന്നതിടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഹൈദരാബാദിലെത്തി തെളിവെടുപ്പ് നടത്തി. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തും മൃതദേഹങ്ങൾ സൂക്ഷിക്കുന്ന മെഹ്ബൂബ് നഗറിലെ ആശുപത്രിയിലും എത്തിയാണ് തെളിവെടുപ്പ് നടത്തിയത്.
അതേസമയം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് തെലങ്കാന ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഹർജികളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഹൈക്കോടതി തടഞ്ഞു. ഹർജികളിൽ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തിങ്കളാഴ്ച വിധി പറയും.
അതിനിടെ പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിൽ മൂന്ന് ഹർജികൾ ഫയൽ ചെയ്തു. സംഭവത്തിൽ വീഴ്ചകൾ ഓരോന്നായി പുറത്തു വരാൻ തുടങ്ങിയതോടെ പൊലീസ് കടുത്ത പ്രതിരോധത്തിലായി. കൊല്ലപ്പെട്ട പ്രതികൾക്കു മറ്റു കേസുകളിൽ പങ്കുണ്ടോ എന്ന കാര്യം വിശദമായി അനേഷിക്കുമെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.