raghuram-tajan-

ന്യൂഡൽഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുൻ യു.പി.എ സർക്കാരിന്റെ നയങ്ങളെന്ന് റിസർവ് ബാങ്ക് മുൻഗവർണർ രഘുറാം രാജൻ. അഞ്ചോളം പ്രശ്‌നങ്ങളാണ് യു.പി.എ സര്‍ക്കാരിന് ശേഷം അധികാരമേറ്റ നരേന്ദ്രമോദി സര്‍ക്കാരിന് കൈമാറിക്കിട്ടിയത്. പിന്നീട് രാജ്യത്തിന് സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കം കുറിച്ചത് ആ കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ ടുഡെ മാസികയിൽഹൗ ടു ഫിക്‌സ് എക്കണോമി എന്ന ലേഖനത്തിലാണ് രഘുറാം രാജൻ ഈ കാരണങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്.

വമ്പൻ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതാണ് ഇതിൽ പ്രധാനമായി രഘുറാം രാജൻ ചൂണ്ടിക്കാട്ടുന്നത്.​ വികസന പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം,​ പ്രവൃത്തികൾക്ക് സർക്കാരിന്റെ അനുമതി ലഭിക്കുന്നത് വൈകുന്നത് തുടങ്ങിയവയാണ് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഊർജോത്പാദനവും അതിന്റെ വിതരണത്തിലും നേരിടുന്ന പ്രശ്‌നങ്ങളാണ് രണ്ടാമത്തേത്. വൈദ്യുത വിതരണ കമ്പനികൾ കടക്കെണിയിലായിരിക്കുന്നതിനാൽ ഊർജോത്പാദന രംഗത്തുള്ളവർക്ക് നല്‍കാനുള്ള തുക വൈകിപ്പിക്കുകയോ വാങ്ങുന്നത് നിറുത്തുകയോ ചെയ്യുന്നു.

വ്യവസായികള്‍ സാമ്പത്തിക പ്രതിസന്ധിയിലായി. ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ കിട്ടാക്കടം പെരുകി. ഇതിന്റെ ഫലമായി കൂടുതൽ വായ്പകൾ നൽകുന്നത് ബാങ്കുകൾ കുറയ്ക്കുകയും അത് വിപണിയെ ബാധിക്കുകയും ചെയ്യുന്നുവെന്നും മൂന്നാമത്തെ കാരണമായി അദ്ദേഹം പറയുന്നു.

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളാണ് നാലാമത്തേത്. ഇതിൽദശകങ്ങളായി തുടർന്നുവന്ന സർക്കാർ നയങ്ങളും കാരണമായതായി അദ്ദേഹം പറയുന്നു. ക്രമരഹിതമായ വിലയീടാക്കലും സബ്‌സിഡി നൽകലും ഇതിന് കാരണമായി രഘുറാം രാജൻ ചൂണ്ടിക്കാണിക്കുന്നു.

മുൻ സർക്കാരുകൾ കാർഷിക മേഖലയിലെ ഇടനിലക്കാരെ നിയന്ത്രിക്കാനോ ഒഴിവാക്കുന്നതിലോ പരാജയപ്പെട്ടതാണ് അഞ്ചാമത്തെ കാരണമായി രഘുറാം രാജൻ പറയുന്നത്. 2014ൽ അധികാരത്തിലെത്തിയ മോദി സർക്കാർ ഫലപ്രദമായ നടപടികളിലൂടെ ഇടനിലക്കാരുടെ ഇടപെടൽ കുറച്ചു. കൃഷിയിടത്തിൽ നിന്ന് തീൻമേശയിലേക്കുള്ള ഭക്ഷണത്തിന്റെ സഞ്ചാരത്തിൽ ഇടനിലക്കാരുടെ ഇടപെടൽ ഗണ്യമായി കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.