കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത" യുടെ നൂറാംവർഷം ആഘോഷിക്കുന്ന വേളയാണിത്. ഇന്നേക്ക് 100 വർഷങ്ങൾക്കു മുമ്പ്, രാമായണകഥയുടെ വരികൾക്കിടയിലൂടെ സഞ്ചരിച്ച്, കുമാരനാശാൻ സീതാദേവിയുടെ മാനസിക സംഘർഷങ്ങളെയാണ് പുനഃസൃഷ്ടിക്കായി കണ്ടെത്തിയത്. 192 പദ്യങ്ങളിലൂടെ ആശാൻ സീതയെ അവതരിപ്പിക്കുകയാണ് ഇവിടെ. വാല്മീകി എഴുതിയ രാമായണത്തിൽ വിട്ടുപോയതെന്നു കരുതാവുന്ന ഒരു ഭാഗമാണ്, ആശാന്റെ 'ചിന്താവിഷ്ടയായ സീത!"
ഭൂഗർഭത്തിലേക്ക് അന്തർധാനം ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള രാത്രിയിൽ, സീത സംഘർഷഭരിതമായി പിടയുന്ന മനസുമായി ഇന്നലെകളെ അയവിറക്കിയിരുന്നു പോകുന്നതാണ് കവിസങ്കല്പം. രാവേറെയായതും ഇരുട്ടുപോയി മറഞ്ഞതും ചന്ദ്രനുദിച്ചതും മിന്നാമിനുങ്ങുകൾ പാഞ്ഞു നടക്കുന്നതുമൊന്നും ദേവി അറിഞ്ഞതേയില്ല. ഇന്നലെകളെക്കുറിച്ചുള്ള നിരവധി ഓർമ്മകൾ, ദുരന്താനുഭവങ്ങൾ എന്നിങ്ങനെ പലതും ദേവിയുടെ മനസിനെ അലട്ടുന്നുണ്ടായിരുന്നു. സ്ത്രീയുടെ വാചാലമായ നിശബ്ദത! അത് ദേവിയുടെ വിചാരഭാഷാരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സീതാദേവിയുടെ ഈ വിചാരഭാഷണം വാല്മീകിമഹർഷി രാമായണത്തിൽ ചെറുതായി മാത്രമേ പ്രതിപാദിച്ചിട്ടുള്ളു.പലതും വെട്ടിത്തുറന്ന് പറയാൻ ശ്രമിച്ച്, പിന്നെ അങ്ങനെ പറയുന്നത് ശരിയല്ല എന്ന് തോന്നി പിന്മാറുന്ന സീതാദേവിയെയാണ് രാമായണത്തിൽ വാല്മീകി അവതരിപ്പിച്ചിരിക്കുന്നത്.
സീതയ്ക്ക് ലോകനീതിയെക്കുറിച്ചും ധർമ്മാധർമ്മങ്ങളെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും പറയാനുള്ളതെല്ലാം തുറന്നുപറയാൻ ഇവിടെയാണ് ഇടം കണ്ടെത്തിയിരിക്കുന്നത്.
ആശാൻ തന്റെ നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ വനിതയായിട്ടാണ് സീതയെ അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹ്യനീതിബോധമില്ലായ്മയെയും സ്ത്രീകൾ അനുഭവിക്കുന്ന അസമത്വത്തെയും സ്ത്രീകളെ അടക്കിവാഴുന്ന പുരുഷമേധാവിത്വത്തെയും അതിൽ നിന്നും സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന ദുഃഖത്തെയും ആശാൻ തന്റെ സീതാകാവ്യത്തിൽ സമർത്ഥമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു തെറ്റും ചെയ്യാതെ, തന്റെ പ്രാണേശ്വരനെ ജീവനു തുല്യം സ്നേഹിച്ച ഗർഭിണിയായ തന്നെ, ഒരു ചോദ്യമോ, വിചാരണയോ കൂടാതെ കാട്ടിലേക്ക് ഉപേക്ഷിച്ച ശ്രീരാമന്റെ പ്രവൃത്തിയിൽ അവർക്ക് അതിശക്തമായ രോഷവും, സങ്കടവും തോന്നുന്നു. എല്ലാ ജീവികളും ദുഃഖം സഹിക്കാൻ വിധിക്കപ്പെട്ടവരാണെങ്കിലും, അപമാനം കൊണ്ടുള്ള ദുഃഖം മനുഷ്യന് മാത്രം ബാധകമാണെന്ന് സീത പ്രത്യേകിച്ചും ഓർമ്മിക്കുന്നു.
സ്വന്തം ഭാര്യയെ മോശക്കാരിയായി പറയുന്നതും അംഗീകരിക്കുന്നതും സാധാരണക്കാരനായ ഒരാൾക്കുപോലും, സഹിക്കാൻ കഴിയില്ല എന്നിരിക്കെ, ഈ അപവാദപ്രചാരണത്തെ ശ്രീരാമൻ കാര്യമായിട്ടെടുത്തത് ഒരു നല്ല രാജാവിനു ചേരുന്ന പ്രവൃത്തിയല്ല. അത് താൻ തെറ്റുകാരിയാണെന്ന് സമൂഹത്തോട് പറയുന്നതിന് തുല്യമല്ലേ? സ്ത്രീപുരുഷപ്രേമത്തിന്റെ സാക്ഷാൽ ശത്രു ദുരഭിമാനമാണെന്ന് സീത വിശ്വസിക്കുന്നു. മനസാകുന്ന ഖനിയിൽ പൂക്കുന്ന ഒരമൂല്യ രത്നമാണ് സ്നേഹം എന്നും അവർ കരുതുന്നു. മനുഷ്യൻ ഭോഗംകൊണ്ടും ത്യാഗം കൊണ്ടും അമരത്വം നേടുന്നതിനെയാണ് സീത ജീവിതമെന്ന് അർത്ഥമാക്കുന്നത്. പ്രാണനാഥന്റെ നിർദ്ദേശമനുസരിച്ച്, ലക്ഷ്മണൻ തന്നെ കാട്ടിൽ ഒറ്റയ്ക്കു വിടുകയാണെന്നു കേട്ടപ്പോൾ, ഇടിവെട്ടേറ്റപോലെ സീത നിലത്തു വീണുപോയി. തന്റെ നിരപരാധിത്വം പൂർണമായും അറിയാവുന്ന ലക്ഷ്മണൻ വളരെ വേദനയോടെയാണ് രാജകല്പന അനുസരിച്ചതെന്നും അവർക്ക് അറിയാമായിരുന്നു. തന്റെ ജീവനുള്ള കാലമത്രയും, തന്റെ സർവസ്വവുമായി കരുതിയിരുന്ന ശ്രീരാമനിൽ നിന്നും ഇത്തരം ഒരു അവിവേകം അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
പതിമൂന്നു വർഷക്കാലം ശ്രീരാമനോടും ലക്ഷ്മണനോടുമൊപ്പം കാനനത്തിൽ അജ്ഞാതവാസം നയിച്ചപ്പോഴും പിന്നെ രാജ്യഭാരം ഏറ്റുവാങ്ങിയ രാജാവിന്റെ പട്ടമഹിഷിയായി മാറിയപ്പോഴും താൻ ഒരു ഗർഭിണി ആയിരുന്നില്ല എന്ന കാര്യം സീത ഓർക്കുന്നു. രാമരാവണയുദ്ധത്തിനൊടുവിൽ സീതയെ മോചിപ്പിച്ചെടുത്തശേഷം, പട്ടമഹിഷിയായി ജീവിച്ചുപോകുമ്പോഴാണ് സീത ഗർഭിണിയാകുന്നത്. തനിക്കെതിരെ കുപ്രചരണം നടത്തിയ പ്രഭുക്കന്മാരുടെ ഇംഗിതത്തിന് വഴങ്ങി, ഒരാലോചനയും കൂടാതെ, ഗർഭിണിയായ സ്വന്തം ധർമ്മപത്നിയെ കാട്ടിലുപേക്ഷിക്കാൻ വിധിച്ച ശ്രീരാമനെ പുരുഷമേധാവിത്വത്തിന്റെ അവതാരമായിട്ടാണ് സീതയ്ക്ക് കാണാൻ കഴിഞ്ഞത്. യുഗയുഗാന്തരങ്ങൾ കഴിഞ്ഞിട്ടും, അടിച്ചമർത്തപ്പെട്ടിരുന്ന സ്ത്രീത്വത്തെയാണ് ഈ സീതാകാവ്യത്തിലെ സീതയിലുടെ ആശാൻ ലോകത്തെ അറിയിക്കുന്നത്.
സ്ത്രീയ്ക്ക് തുല്യനീതി നൽകേണ്ടതിന്റെ ആവശ്യകത കുമാരനാശാൻ ഭാവനയിൽ കാണുകയാണ്. അന്ന് ഡോ. ബി. ആർ. അംബേദ്കർ ഭാരതത്തിന്റെ ഭരണഘടന എഴുതിയിട്ടില്ല. സ്ത്രീപുരുഷ തുല്യനീതിയെക്കുറിച്ച് ആരും തന്നെ ഓർത്തിരുന്നില്ല . ഈ സന്ദേശം ലോകത്തിന് നൽകിയ കുമാരനാശാനെ, അന്നത്തെ പല നിരൂപകരും ശക്തിയുക്തം വിമർശിച്ചിരുന്നു. ആശാന്റെ സീത ഒരു തെരുവുതെണ്ടി പെണ്ണായി തരംതാണുപോയി എന്നാണ് പി.കെ. ബാലകൃഷ്ണന്റെ ആക്ഷേപം. സീതയ്ക്കു പകരം ചിന്താവിഷ്ടയായ ചെല്ലമ്മ എന്നെഴുതി വാല്മീകിയെ വെറുതെ വിടാമായിരുന്നില്ലേ എന്നായിരുന്നു പി. ദാമോദരൻപിള്ളയുടെ വിമർശനം.
ആശാന്റെ സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിലപാട്, കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു കാലഘട്ടമാണ്. ആശാനെ സാമൂഹിക കവിയായി വാഴ്ത്തുന്ന സമീപനം നമുക്ക് വളരെ പരിചിതമാണല്ലോ. ഇ.എം.എസ്, എൻ.വി. കൃഷ്ണവാര്യർ, എം. ഗോവിന്ദൻ, തായാട്ട് ശങ്കരൻ. എം.കെ. സാനു, കെ.എം. ജോർജ്ജ് തുടങ്ങി ആശാനെക്കുറിച്ച് എഴുതിയവരെല്ലാം തന്നെ, ആശാൻ കവിതയുടെ വിപ്ലവോന്മുഖത്വത്തിന് സവിശേഷ പ്രാധാന്യം കല്പിക്കുന്നുണ്ട്. ആശാൻ കാണിച്ച ഈ ധൈര്യം, ലോകമുള്ളിടത്തോളം പ്രശംസിക്കപ്പെടുകതന്നെ ചെയ്യും. ബന്ധനസ്ഥമായ ഭാരത സ്ത്രീത്വത്തിൽ, വിമോചനം യാഥാർത്ഥ്യമാവുന്നതിനും മുമ്പ് അത് കാലകാരന്റെ വൈകാരിക പ്രശ്നമായിരുന്നു. ആ വൈകാരിക പ്രശ്നത്തിന്റെ ബഹിർസ്ഫുരണമാണ്, ആശാന്റെ 'ചിന്താവിഷ്ടയായ സീത."
യാഗത്തിനു പോയ കുശലവന്മാർ വാല്മീകി മഹർഷിയോടൊപ്പം തിരിച്ചുവരുന്നത് തന്നെയും കൊണ്ട് ശ്രീരാമസമക്ഷം പോകാം എന്ന സമ്മതം നൽകിക്കൊണ്ടായിരിക്കും എന്ന് സീത മുൻകൂട്ടി കാണുന്നു. അതിനിനി തനിക്കാവില്ലെന്ന് സീത ചിന്തിക്കുന്നു. ജനഹിതത്തിന്റെ കാര്യം പറഞ്ഞ് ഒരൂ പാവയെപ്പോലെ പെരുമാറാൻ തനിക്കാവില്ല എന്നവർ മനസിൽ പറയുന്നു. ശരീരത്തിന് രാജാവിന്റെ ആജ്ഞയ്ക്ക് വിധേയമാകാനാവും. പക്ഷേ, തന്റെ ഉൾവിളിയും, ആത്മാവും അതിനു വഴങ്ങാൻ ഉദ്ദേശിക്കുന്നില്ല എന്നു പറയാൻ സീത ധൈര്യം കാട്ടുന്നു.
തന്റെ ഈ ശരീരം ഭൂമിയിലും മനസ് പ്രകൃതിശോഭകളിലും പതിയുന്നതിനാൽ ഒന്നിനോടും വിട ചോദിക്കേണ്ട ആവശ്യമില്ലെന്ന് സീതയ്ക്ക് തോന്നുന്നു. സ്നേഹമയിയായ ഭൂമിദേവി തന്നെ മണിയറയിലേക്ക് നയിക്കുന്ന കാഴ്ച സീതയുടെ മുന്നിൽ തെളിഞ്ഞുവന്നു. നേരം പുലരാറായിട്ടും, ഏകാകിനിയായിട്ട് ആശ്രമോദ്യാനത്തിൽ ഇരിക്കുന്ന സീതയെ ഒരു താപസി കാണാനിടയാവുന്നു. ബോധരഹിതയാണെന്നു മനസിലാക്കിയ താപസി തീർത്ഥം മുഖത്തു തളിച്ച് സീതയെ ഉണർത്തി മെല്ലെ ആശ്രമത്തിനുള്ളിലെ കിടക്കയിൽ കൊണ്ടുപോയി കിടത്തുന്നു. പുലർച്ചെ മഹർഷിയും, മക്കളും തിരിച്ചെത്തി. മഹർഷി ശ്രീരാമന്റെ സന്ദേശം സീതയ്ക്കു നൽകി. പക്ഷേ അവർ അതിന് വശംവദയാകാൻ വിസമ്മതിച്ചു. എങ്കിലും വാല്മീകി മഹർഷിയുടെ അഭ്യർത്ഥന മാനിച്ച്, സീത നമ്രശിരസ്കയായിട്ട് മഹർഷിയോടൊപ്പം ശ്രീരാമസദസിലേക്ക് നടന്നു.
രാമസദസിലെത്തിയ സീത പശ്ചാത്താപവിവശനായി നിൽക്കുന്ന ശ്രീരാമന്റെ മുഖം ഒരേ ഒരുനോക്ക് മാത്രം കണ്ടു. അടുത്തിരിക്കുന്ന തനിക്കെതിരെ അപവാദപ്രചാരണങ്ങൾ നടത്തിയ പൗരമുഖ്യന്മാരെയും ഒരു നോക്കുകണ്ടു. സീതയുടെ ഉള്ളിൽ ശക്തമായ വികാരങ്ങളുടെ വിഷ്കംഭം ഉണ്ടായി. അതിനെത്തുടർന്ന് ഭൂമിക്കുള്ളിലേക്ക് അന്തർധാനം ചെയ്ത് തന്റെ ജന്മം പൂർത്തീകരിക്കുന്നു. പുരാതനകാലത്ത് അടിമത്തത്തിന്റെ സഹനമാണ് സ്ത്രീകളിൽ നിലനിന്നിരുന്നത്. അതായത് പ്രതിഷേധിക്കാൻ കഴിയാത്ത ഒരു സ്ത്രീവർഗത്തെ പുരുഷമേധാവിത്വം അടിച്ചമർത്തി വച്ചിരിക്കുകയായിരുന്നു.
ഓരോ കൃതിയും വിലയിരുത്തപ്പെടേണ്ടത് ഓരോ ഭാഷയിലും അതത് കാലത്ത് നിലനിൽക്കുന്ന സാഹിത്യ വ്യാകരണത്തിന്റെ നിയമാവലികളിലൂടെയാണ്. ആശാൻ തന്റെ സീതാകാവ്യത്തിലൂടെ സ്ത്രീയെ പ്രതിഷേധിക്കാൻ പ്രാപ്തയാക്കുന്നു. ആശാൻ ഒരു നൂറ്റാണ്ടു മുമ്പ് തുടങ്ങിവച്ച നവോത്ഥാന ചിന്തകൾ ഇന്ന് യാഥാർത്ഥ്യമായി തീർന്നിരിക്കുന്നു. ഒരിക്കൽ പുരുഷമേധാവിത്വത്തിൻ കീഴിൽ, അടിച്ചമർത്തപ്പെട്ടിരുന്ന സ്ത്രീസമൂഹത്തിന്റെ മോചനത്തിനായുള്ള പാത തുറന്നുവയ്ക്കാൻ കുമാരനാശാൻ ശ്രമിച്ചു. സ്ത്രീയുടെ സമത്വത്തിന് വേണ്ടിയും, സ്ത്രീയുടെ അടിമത്വം പൊട്ടിച്ചെറിയാൻ വേണ്ടിയും, സ്ത്രീ ശാക്തീകരണത്തിനുവേണ്ടിയും തന്റെ തൂലികയാൽ പട നയിച്ചു ജയിച്ച കുമാരനാശാൻ എന്ന മഹാപ്രതിഭയെ, നവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരനായി എന്നും ലോകം അനുസ്മരിക്കും. ശ്രീനാരായണഗുരുദേവനുമായി ആശാന് ഉണ്ടായ ബന്ധം ഗുരുദേവന്റെ ആഗ്രഹപ്രകാരം ശൃംഗാരകൃതികളുടെ രചനയിൽ നിന്നും പിന്തിരിഞ്ഞ് ജീവിതവീക്ഷണങ്ങളുള്ള കൃതികൾ രചിക്കാൻ അദ്ദേഹത്തിനു പ്രേരണയായി എന്നതും ഓർക്കേണ്ടതുണ്ട്.
(ലേഖകന്റെ ഫോൺ : 9447061099)