ഷാജി മദ്യപിക്കാറില്ല. പക്ഷേ മദ്യപിക്കുന്നവർക്ക് പ്രിയപ്പെട്ടവൻ. കൂട്ടത്തിലൊരാൾ ബോധത്തോടെ ഇരിക്കുന്നതും വാഹനമോടിക്കുന്നതും നല്ലതാണെന്ന പക്ഷക്കാരാണ് മറ്റുള്ള സുഹൃത്തുക്കൾ. വിദേശത്തു നിന്നു വന്ന രാജേട്ടൻ മുന്തിയ ഇനം മദ്യം കൊണ്ടുവന്നിട്ടുണ്ടെന്ന് ആദ്യം അറിയുന്നത് ഷാജി. ഷാജി പറഞ്ഞ് മറ്റുള്ളവരും അറിയുന്നു. ഹോട്ടൽമുറി, ഭക്ഷണം എല്ലാം രാജേട്ടൻ നോക്കും. ഞായറാഴ്ച ഒരു സുഖവാസ മൂഡ് കിട്ടുമെന്ന് കരുതി എല്ലാവരും മുറിയിൽ ഒത്തുകൂടി. ഇരുപതിനായിരത്തോളം വിലയുള്ള മദ്യക്കുപ്പി രാജേട്ടൻ മേശപ്പുറത്ത് വച്ചപ്പോൾ ഷാജിക്ക് പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല. മദ്യപിക്കുന്ന ചിലർ അപൂർവമായൊരു വിഗ്രഹത്തെയെന്ന പോലെ മദ്യക്കുപ്പിയെ നോക്കിയിരുന്നു. ഒഴിയുന്ന കുപ്പി തനിക്കുവേണമെന്ന് ചിലർ ആദ്യമേ ഡിമാൻഡ് വച്ചു. ഒന്നുമില്ലെങ്കിലും വിലകൂടിയ മദ്യം കഴിച്ചിട്ടുണ്ടെന്ന് പറയാമല്ലോ എന്ന മോഹമായിരുന്നു അതിനു പിന്നിൽ.
നല്ല മാർക്ക് വാങ്ങിയ മക്കളുടെ പ്രോഗ്രസ് റിപ്പോർട്ട് കാണുമ്പോൾ രക്ഷിതാക്കൾക്ക് അഭിമാനവും ആഹ്ലാദവും തോന്നും. പക്ഷേ പലവിഷയത്തിനും ശരാശരിമാർക്കുപോലും കിട്ടാത്ത ഒരു ജീവിത വിദ്യാർത്ഥിയാണ് താനെന്ന് രാജേട്ടൻ ആമുഖമായി പറഞ്ഞപ്പോൾ എല്ലാവരും ആകാംക്ഷയോടെ കേട്ടിരുന്നു.
ചിലർ വെയിലേറ്റമരം പോലെ. മറ്റു ചിലർ അതിന്റെ തണലിൽ ജീവിക്കുന്നവരും. എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന ദിവ്യധേനുവാണ് കാമധേനു. അതിനെന്തു സുഖമാണ്? സുഖമനുഭവിക്കുന്നത് മറ്റുള്ളവരും. എല്ലാകുടുംബങ്ങളിലുമുണ്ടാകും ഇത്തരം കാമധേനുക്കൾ. മറ്റുള്ളവരുടെ ഗ്ലാസിൽ മദ്യവും തന്റെയും ഷാജിയുടെയും ഗ്ലാസുകളിൽ തണുത്ത വെള്ളവും ഒഴിച്ചുകൊണ്ട് രാജൻ തുടർന്നു. പിന്നെ എല്ലാവർക്കും ചിയേഴ്സ് പറഞ്ഞു. ജീവിതത്തോട് ചിയേഴ്സ് പറയാൻ കഴിയുന്നവർ ഭൂമിയിൽ എത്രപേരുണ്ടാകും? രാജൻ തന്റെ ജീവിത വഴികളിലേക്ക് നടന്നു. ഇപ്പോൾ വയസ് 65. നാല്പതുവർഷത്തെ പ്രവാസജീവിതം. നാട്ടിൽ വന്ന് ചിലർ പ്രോജക്ടുകൾ ആലോചിച്ചെങ്കിലും ഭാര്യയ്ക്കും ബന്ധുക്കൾക്കും താല്പര്യമില്ല. വിദേശത്താകുമ്പോൾ മാസാമാസം കൃത്യമായി പണം വരും. ആണ്ടിലൊരിക്കൽ കുറച്ചുദിവസം അവധിയ്ക്ക്വരുമ്പോൾ എല്ലാവർക്കും വലിയ സ്നേഹം, സന്തോഷം. തന്റെയും ഭാര്യയുടെയും ബന്ധത്തിൽപ്പെട്ട അറുപതുപേരെ വിദേശത്തു കൊണ്ടുപോയി. അതിൽ തൊണ്ണൂറുശതമാനം കരകയറിയപ്പോൾ അക്കരെയെത്തിച്ച വഞ്ചിയെ തന്നെ തള്ളിപ്പറഞ്ഞു. മക്കൾ ഒരു കെട്ട് നോട്ട് പോക്കറ്റിലിടും. അതു തീരുമ്പോൾ വീണ്ടും സമീപിക്കും. ഒരിക്കലും കറവവറ്റാത്ത പശുവാണ് താനെന്ന് സുഹൃത്തുക്കളും ബന്ധുക്കളും വീട്ടുകാരും കരുതുന്നു.
പ്രായം ചെന്നപ്പോൾ പലരോഗങ്ങളും ചങ്ങാത്തം ഭാവിച്ചെത്തി തുടങ്ങി. ആ കാര്യങ്ങൾ പറയുന്നതും ചികിത്സിക്കുന്നതും ഉറ്റവർക്ക് ഇഷ്ടമല്ല. കാരണം കാമധേനുവിന് അസുഖം വന്നാലെങ്ങനെ? ചക്കരക്കുടങ്ങൾക്കരികിലേക്ക് ഉറുമ്പുകൾ വരിവച്ചെത്തും. കുടം കഴുകി കമഴ്ത്തിയാൽ ഉറുമ്പുകൾ തിരിച്ചുപോകുകയും ചെയ്യും. വിശന്നുവലഞ്ഞ് ദാഹിച്ച് തൊണ്ടവരണ്ട എത്രയോ കാമധേനുക്കളുണ്ട്. നാട്ടിലും വീട്ടിലും. കാമധേനുവിന്റെ പ്രോഗ്രസ് കാർഡ് ആരു നോക്കുന്നു. രാജേട്ടൻ വീണ്ടും തന്റെ ഗ്ലാസിൽ പച്ചവെള്ള മൊഴിച്ചു. പിന്നെ ലഹരിയോടെ അതു ഒറ്രവലിക്ക് അകത്താക്കി.
(ഫോൺ :9946108220)