സ്നേഹത്തിന്റെ നിത്യ വിശുദ്ധിയിൽ വിരിഞ്ഞ കഥകളുടെ തമ്പുരാൻ ടി.പദ്മനാഭൻ നവതിയുടെ നിറവിൽ. അനുഭവങ്ങളെ ജീവിതത്തിന്റെ ഹൃദയഹാരിയായ സംഗീതമാക്കി തീർത്ത പത്മനാഭൻ ആഘോഷങ്ങളിലും ആചാരങ്ങളിലും താൽപ്പര്യം കാട്ടാത്ത വ്യക്തിയാണ്. കുട്ടിക്കാലത്ത് അമ്മ പിറന്നാൾ കൊണ്ടാടിയിരുന്നു. വളർന്നതോടെ അതേ പറ്റി ചിന്തിക്കാതായി. നാലു വർഷം മുമ്പാണ് ഇതിനൊരു മാറ്റം ഉണ്ടായത്. വിദേശങ്ങളിൽ കഴിയുന്ന മരുമക്കൾ നിർബന്ധിക്കുകയായിരുന്നു. സ്നേഹിക്കുന്നവരുടെ ആഗ്രഹം നിരാകരിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിക്കുന്നു. ജീവിതത്തിലെ ദുരിതങ്ങൾക്കിടയിലും സ്നേഹത്തിന്റെ വീർപ്പുമുട്ടൽ അനുഭവിച്ച് വളർന്ന കഥാകാരൻ.
പിറന്നാളിന് സമ്മതിച്ചതറിഞ്ഞപ്പോൾ ബന്ധുക്കളെപ്പോലെ സുഹൃത്തുക്കളും ഉറ്റവരും ഏറെ സന്തോഷിച്ചിരുന്നു. എത്രയോ കാലമായി എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമല്ലേ. നമ്മുടെ നാട്ടിൽ തന്നെ ഷഷ്ഠിപൂർത്തിയും സപ്തതിയും ആഘോഷിക്കുന്ന വാർത്തകൾ പത്രങ്ങളിൽ വരുന്നുണ്ട്. അതുകാണുമ്പോഴും ചിലർ നിർബന്ധിക്കുമായിരുന്നു. അപ്പോഴും വിസമ്മതം പ്രകടിപ്പിക്കുകയേ ചെയ്തുള്ളൂ. അമ്മാവനും മരുമക്കളും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത ഏറ്റവും കൂടുതൽ അനുഭവിച്ച വ്യക്തിയാണ് അദ്ദേഹം. അമ്മാവൻ എന്നും അദ്ദേഹത്തിന് സൗമ്യമായ ഓർമ്മയാണ്. പള്ളിക്കുന്നിൽ ജയിൽപ്പറമ്പിനടുത്തുള്ള തറവാട്ടിൽ തണൽമരം പോലെ നിൽക്കുന്ന അമ്മാവന്റെ രൂപം മനസിലേക്ക് ഇടയ്ക്കിടെ കടന്നുവരാറുണ്ട്. ജീവിതത്തിലിതുവരെ അതൊന്നും മറന്നിട്ടുമില്ല. നീളൻ കാലുള്ള കുടയും തലയിൽ കെട്ടിവച്ച കുടുമയുമായി നീണ്ടുനിവർന്നുവരുന്ന അമ്മാവന്റെ രൂപം മനസിൽ ചാഞ്ഞുകിടപ്പുണ്ട്. അമ്മാവൻ മരുമക്കൾക്ക് പൊന്നും പണവുമൊന്നും തന്നിട്ടില്ല. എന്നാൽ അതിനേക്കാൾ എല്ലാം വിലപ്പെട്ട ഒന്ന് തന്നു, 'സ്നേഹം". അത് ആവോളം കോരിത്തന്നു. ആ സ്നേഹം ഇപ്പോൾ മരുമക്കൾക്കും നൽകുകയാണ്.
പദ്മനാഭൻ ഓരോ കാര്യവും ഓർത്തെടുത്തു. ''പിറന്നാൾ ആഘോഷം എന്നുപറഞ്ഞാൽ ചെറിയൊരു ചടങ്ങ്. അത്രയേ വേണ്ടൂ. മരുമക്കളും അവരുടെ മക്കളും. പിന്നെ പുറത്തുനിന്നും പ്രിയപ്പെട്ട രണ്ടുമൂന്നുപേരും.""
പ്രപഞ്ചത്തിലേക്ക് ആദ്യമായി കടന്നുവന്ന നിമിഷത്തിന്റെ ഓർമ്മകൾ മനുഷ്യജീവിതത്തിലുടനീളം അയവിറക്കാനുള്ളതാണ്. വർണങ്ങൾ തീർത്ത അത്ഭുതലോകത്ത് വിരസത കൂടാതെ കഴിയുവാൻ ഓർമ്മകളാണ് സഹായിക്കുക.
കൈയിലൊരു കടലാസുതുണ്ടുമായി കഥാവഴിയിലൂടെ ടി. പദ്മനാഭൻ നടത്തം തുടങ്ങിയിട്ട് നീണ്ട വർഷങ്ങൾ പിന്നിട്ടു. ജീവിതത്തിന്റെ അർത്ഥതലങ്ങൾ തേടിയുള്ള യാത്രയിൽ 90-ാം പിറന്നാളിലെത്തിയെങ്കിലും പദ്മനാഭന് തളർച്ചയില്ല. വ്യാമോഹത്തിന്റെ പട്ടുനൂലിഴകൾ നെയ്തുകൊണ്ട് മുന്നോട്ടു നീങ്ങുന്ന കാലത്തിന്റെ കൂടെ ഓടരുതെന്ന് അദ്ദേഹം ഉപദേശിക്കുന്നു. തുമ്പമലരിന്റെ വിശുദ്ധിയും ശുഭ്രതയും കൊണ്ട് സൂര്യപ്രകാശത്തിൽ ചിറകുവിടർത്തി പറക്കാൻ പുതിയ തലമുറയ്ക്ക് കഴിയണമെന്നു പറയുന്നു. ഈ ജീവിതത്തിലെ സമ്പാദ്യമെന്തെന്ന ചോദ്യത്തിന് താഴ്മയോടെയാണ് അദ്ദേഹം ഉത്തരം പറയുക. ഇരുന്നൂറിൽ താഴെയുള്ള കഥകളും മുരിങ്ങമരം ചാഞ്ഞ ചെറിയൊരു വീടും. സാഹിത്യത്തിലും ജീവിതത്തിലും അദ്ദേഹത്തിന് എന്നും സ്വന്തം വഴിയാണ്. ആരുടെ മുന്നിലും ആ ശിരസ് കുനിയില്ല. നോക്കാതെ ഇടപെടും. ജയാപജയങ്ങളെക്കുറിച്ച് വിഷമിക്കില്ല. തെറ്റെന്ന് തോന്നിയതിനെ നിശിതമായി വിമർശിക്കും. അനാവശ്യമായി ആരെയും പ്രകോപിപ്പിക്കില്ല. നമ്മുടെ കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായി തൊണ്ണൂറാം പിറന്നാളിലും പ്രതികരിക്കുന്നു. കഥകളിലൂടെ അദ്ദേഹം പകർന്നു തന്നത് ദിവ്യസ്നേഹമാണ്. അക്ഷരകലയുടെ അമൃതസാഫല്യമെന്നാണ് അദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കുന്നത്. ഓരോ കഥയും പ്രകാശം പരത്തുന്ന സാന്നിദ്ധ്യമായി ആസ്വാദകർക്കനുഭവപ്പെടുന്നു.
പള്ളിക്കുന്നിലെ ജയിലിനടുത്താണ് അദ്ദേഹം ജനിച്ചത്. ഒരു പണക്കാരന്റെ മകനായിരുന്നില്ല. കഷ്ടപ്പെട്ടാണ് പഠിച്ചതും വളർന്നതും. താങ്ങും തണലുമായി അമ്മയും അമ്മാവനും സഹോദരിയും ഉണ്ടായിരുന്നു. പഠിച്ച് വക്കീലും ഫാക്ടിൽ ഉദ്യോഗസ്ഥനുമായി. ഔദ്യോഗികരേഖകൾ പ്രകാരം 1931 ഫെബ്രുവരി 5നാണ് പദ്മനാഭന്റെ ജനനം. എന്നാൽ മലയാളമാസം അനുസരിച്ച് 1105 വൃശ്ചികമാസത്തിലെ ഭരണി നക്ഷത്രത്തിലാണ്. കണ്ണൂരിലെ പള്ളിക്കുന്നിലുള്ള രാജേന്ദ്രനഗർ ഹൗസിംഗ് കോളനിയിലാണ് പദ്മനാഭൻ താമസിക്കുന്നത്. വീടെന്നുപറഞ്ഞാൽ കയറിത്താമസിക്കാനുള്ള ഒരിടമെന്നേ അർത്ഥമുള്ളൂ. ദൂരെനിന്നൊന്നും കണ്ണിൽപ്പെടാൻ പാകത്തിലുള്ള പ്രൗഢി അതിനില്ല. പഴയ ഇരുമ്പുഗേറ്റ് തള്ളിത്തുറന്നാൽ പൊട്ടിപ്പൊളിഞ്ഞ മുറ്റത്തെത്തും. പിന്നെ നരബാധിച്ച വരാന്തയിൽ ആഗതരെ സ്വാഗതം ചെയ്യുന്ന നായ്ക്കളെയും പൂച്ചകളെയും കാണാം. പൂച്ചകളും നായ്ക്കളും അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗങ്ങളാണ്. പൂച്ചകൾക്കെല്ലാം ഓരോരോ പേരുണ്ട്. മുറിയിലെ പ്ലാസ്റ്റിക് കസേരയിൽ താടിക്ക് കൈകൊടുത്തിരുന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുക. ജീവിതത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ആഴത്തിൽ ചിന്തിച്ച എഴുത്തുകാരനാണ് താനെന്ന ഭാവമൊന്നും കാട്ടില്ല. തികച്ചും സാധാരണക്കാരനായി ഹൃദയത്തിലെ മൃദുല വികാരങ്ങൾ ഒഴുക്കിവിട്ടുകൊണ്ട് ഓരോന്നു പറയും. മഞ്ഞുതുള്ളികൾ വീണ വെള്ളാമ്പൽ പോലുള്ള ഭാവം അദ്ദേഹത്തെ ആവരണം ചെയ്യുന്നുണ്ടാകും.
ജീവിതത്തിൽ എന്തെല്ലാം അനുഭവങ്ങളാണുണ്ടാകുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. മനുഷ്യൻ പിറക്കുന്നത് ഇരുട്ടിൽ നിന്നാണ്. ഒടുവിൽ ഇരുട്ടിലേക്കു തന്നെ കടന്നുപോവുകയും ചെയ്യുന്നു. ആമ്പൽക്കുളവും കാട്ടുപൂക്കളും കുന്നിൻ ചരിവും പുന്നെല്ല് പൂക്കുന്ന പാടവും എല്ലാം വിട്ട് മനുഷ്യന് പോകേണ്ടിവരുന്നു. ആരുമറിയാതെ ഒരു പ്രഭാതത്തിലോ സന്ധ്യക്കോ ആകും ഈ യാത്ര. പഴുത്ത ഇല കൊഴിഞ്ഞുവീഴുന്നതുപോലെ ആരും അറിയണമെന്നില്ല. ഇനി അറിഞ്ഞാൽ തന്നെ തടഞ്ഞുനിറുത്താനും കഴിയില്ല. മനുഷ്യൻ സത്യത്തിൽ ഒരു തോട്ടക്കാരൻ മാത്രമാണ്. നടാനും നനയ്ക്കാനും മാത്രമേ അവന് അവകാശമുള്ളൂ. മനസിനെ വേട്ടയാടുന്ന ദുരന്തങ്ങളെ അതിജീവിക്കാൻ സാഹിത്യത്തിന് കഴിയണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പുതിയ തലമുറയോട് എന്താണ് ഉപദേശിക്കാനുള്ളതെന്ന് ചോദിച്ചാൽ അദ്ദേഹം മൗനം പൂണ്ടിരിക്കും. പിന്നെ വാചാലനാകും. നമ്മുടെ യുവതലമുറ നക്ഷത്രങ്ങളെ ഉന്നം വച്ച് കുതിക്കണം. ഉയരങ്ങൾ ലക്ഷ്യം വച്ചാൽ മാത്രമേ ബഹുദൂരം സഞ്ചരിക്കാനാകൂ. സമൂഹത്തിന്റെ സർവതലങ്ങളിലും നേട്ടങ്ങൾ കൊയ്തെടുത്തത് യുവാക്കളാണ്. ലോകത്തെങ്ങുമുള്ള വിപ്ലവസമരങ്ങൾ നയിച്ചതും ചെറുപ്പക്കാരാണ്. എളിമയും ലാളിത്യവും സത്യസന്ധതയും ആകണം അവരുടെ മുഖമുദ്രകൾ. നാടിന്റെ നീറുന്ന പ്രശ്നങ്ങളോട് ശരിയായി പ്രതികരിക്കാനുള്ള തന്റേടം അവർക്കുണ്ടാകണം. ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും ഇല്ലാതാകുന്ന കാലമാണിത്. അന്നം തരേണ്ട പ്രകൃതിയെ ആക്രമിക്കുന്ന വാർത്തകൾ നിത്യേന കേൾക്കാൻ കഴിയുന്നു. ഇത്തരം കാര്യങ്ങളിലെല്ലാം യുവതലമുറ ആഴത്തിൽ ശ്രദ്ധിക്കണം. വഴികാട്ടികളായി നമുക്കുമുമ്പിൽ നടന്നുപോയവരുടെ കാലടിപ്പാടുകൾ വിസ്മരിക്കാതിരിക്കണം. മാതൃഭാഷയെ സ്നേഹിക്കുകയും വേണം. എങ്കിലും സമൂഹത്തിന് വെളിച്ചം പകർന്നവരുടെ ചിന്തകൾക്ക് കോട്ടം തട്ടുന്നു എന്നദ്ദേഹം ഉൽക്കണ്ഠപ്പെടുന്നു. ശ്രീബുദ്ധന്റെയും ഗാന്ധിജിയുടെയും പഞ്ചശീലത്തിന്റെ ഈ നാട്ടിൽ അസഹിഷ്ണുത പെരുകി വരികയാണ്. അന്യരെ കേൾക്കാനുള്ള സഹനശീലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
പുതിയ എഴുത്തുകാരോട് അദ്ദേഹം പറയുന്നു. 'പ്രിയപ്പെട്ട അനുജന്മാരെ അനുജത്തിമാരെ, ആത്മാവാണ് പ്രധാനം, വേഷഭൂഷകളല്ല. നിങ്ങളുടെ കഥകൾ നിങ്ങളുടെ സ്വന്തമാകട്ടെ. അത് നിങ്ങളുടെ ഹൃദയങ്ങളുടെ അന്തരാളത്തിൽ നിന്ന് വെളിച്ചം കാണാൻ വെമ്പുന്ന താമരമൊട്ടുകളെപോലെ പുറത്തേക്ക് വരട്ടെ. കഥയുടെ ലോകത്തിൽ ഹൃദയമാണ് പ്രധാനം. ബുദ്ധി പിന്നീടേ വരുന്നുള്ളൂ. വായിക്കുക, നിരീക്ഷിക്കുക, ചിന്തിക്കുക. എഴുതിയേ കഴിയൂ എന്ന് തോന്നുമ്പോൾ മാത്രം എഴുതുക. അങ്ങനെ ആദ്യമായി നിങ്ങൾ നിങ്ങളോട് തന്നെ നീതി പുലർത്തുക. നിങ്ങളുടെ ലക്ഷ്യം നക്ഷത്രങ്ങളാകട്ടെ. നക്ഷത്രങ്ങളിലെത്തുവാൻ വളരെ പ്രയാസമാണെന്ന് എനിക്കറിയാം. എങ്കിലും ലക്ഷ്യം നക്ഷത്രങ്ങൾ തന്നെയാവട്ടെ..."
ജീവിതം ജീവിക്കാനുള്ളതാണെന്ന് പത്മനാഭൻ പറയുന്നു. പ്രതിബന്ധങ്ങളെ തട്ടിമാറ്റി മുന്നോട്ടു പോകണം. ഇഷ്ടപ്പെടാത്ത കാര്യമുണ്ടെങ്കിൽ തുറന്നു പറയണം. അല്ലാതെ മനസിനെ വഞ്ചിച്ച് അനുകൂലമായി പറയേണ്ട ഗതികേടുണ്ടാകരുത്. അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയാനും പാടില്ല. നട്ടെല്ല് വളയ്ക്കാൻ താൻ നിന്നു കൊടുക്കാറില്ല എന്നും പദ്മനാഭൻ പറയുന്നു.
എഴുത്തുകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും പദ്മനാഭൻ ഏറെ ചർച്ച ചെയ്യപ്പെടുന്നു. ചെറുപ്പത്തിൽ തന്നെ പാവങ്ങൾ എന്ന നോവൽ വായിച്ച വ്യക്തിയാണ് പത്മനാഭൻ. ആ നോവൽ തന്നെ വളരെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. വായിച്ച്, വായിച്ച് സമ്പന്നമായ ഒരു മനസ് അദ്ദേഹത്തിനുണ്ട്. യാത്ര ചെയ്ത് നേടിയ ലോകപരിചയവുമുണ്ട്. പത്മനാഭന്റെ കഥകൾ വായിച്ചാൽ തന്നെ അദ്ദേഹത്തിന്റെ ആത്മകഥാംശം ഗ്രഹിക്കാനാകും. കഥതന്നെ ജീവിതം. ജീവിതം തന്നെ കഥകൾ. രണ്ടും പരസ്പരം ഇഴചേർന്നു കിടക്കുന്നു. കഴിഞ്ഞുപോയതിനെക്കുറിച്ചുള്ള വിഷാദമോ, അവ്യക്തമായ ഭാവിയെക്കുറിച്ചുള്ള ഭയമോ കൂടാതെ ജീവിക്കാൻ കഴിയണം. ധാന്യം വിളയിക്കേണ്ട കൃഷിഭൂമിയിൽ വിഷവൃക്ഷങ്ങൾ വളരാൻ അനുവദിക്കരുത്.
സംയമനത്തിന്റെയും സാന്ത്വനത്തിന്റെയും ഒരു നൂതന ലോകം പദ്മനാഭന്റെ കഥകൾ തുറന്നിടുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ആ കഥകൾ ഉയർത്തിപ്പിടിക്കുന്നു. മലയാള ചെറുകഥാലോകത്തെ അപൂർവചാരുതയാണ് ടി. പദ്മനാഭൻ. സവിശേഷമായ ജീവിത സന്ദർഭങ്ങൾ മെനഞ്ഞെടുത്താണ് അദ്ദേഹം കഥകളെഴുതിയത്. ആ കഥകളിലൊന്നും തന്നെ ദുഷ്ടകഥാപാത്രങ്ങളില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. 90ലെത്തിയെങ്കിലും വയസ് തനിക്കൊരു പ്രശ്നമല്ലെന്ന മട്ടിൽ നാടാകെ നിറഞ്ഞ് പ്രതികരിക്കുന്നു. വർഗീയ വിപത്തിനെതിരെ മുന്നറിവു നൽകുന്നു. മേഘങ്ങൾ നിറക്കൂട്ടുകളണിഞ്ഞ് കൂടണയാൻ പോകുന്ന സായാഹ്നത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. അപ്പോൾ മൈതാനത്ത് കുട്ടികൾ കളിക്കുന്നുണ്ടാകും.പശുക്കളും കിടാങ്ങളും പുല്ലുമേഞ്ഞ് വയർ നിറച്ച് ആലകളിലേക്ക് മടങ്ങുകയാകും. വയലുകൾക്കപ്പുറത്ത് പുഴ ശാന്തമായൊഴുകുന്നുണ്ടാകും. എങ്കിലും മറയാൻ പോകുന്ന സൂര്യന്റെ രശ്മികൾ കാറ്റാടിമരങ്ങൾക്കിടയിലൂടെ കടന്നുവരും. ആസ്വാദനത്തിലെ അസാമാന്യഭംഗിയാണ് പദ്മനാഭന്റെ കഥകൾ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിർവചിക്കാനാകാത്ത അനുഭൂതികൾ ആ കഥകൾ പകർന്നുതരുന്നു. എഴുത്തുകാരനായ പദ്മനാഭൻ നമ്മുടെ കാലഘട്ടത്തിലെ ചടുല സാന്നിദ്ധ്യമാണ്. അദ്ദേഹത്തിന്റെ കഥകളിലെല്ലാം ജീവിതമുണ്ട്. ജീവിതം തന്നെ കഥ പോലെയാണ്. പദ്മനാഭന്റെ കഥകൾ പൊൻവസന്തത്തിന്റെ സ്നേഹസ്പർശമാണ്. അടഞ്ഞുകിടക്കുന്ന വാതിൽ തള്ളിത്തുറന്ന് കുളിർക്കാറ്റുപോലെ അവ വന്നെത്തുന്നു.