shane-nigam

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി കൂടിക്കാഴ്ച്ച നടത്തി. അമ്മ ഭാരവാഹിയായ നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. അമ്മയുടെ നിലപാടിനൊപ്പം നില്‍ക്കാമെന്നും താരം വ്യക്തമാക്കി.

വിഷയത്തില്‍ ഷെയ്ന്റെ ഭാഗം വിശദീകരിച്ചെങ്കിലും വെയില്‍ സിനിമയുടെ ഡേറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഇതിനായി ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തുമെന്നും അറിയിച്ചു. സിനിമയുടെ കുറേയധികം ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകന്‍ പറഞ്ഞ സമയത്ത് സിനിമ തീര്‍ക്കാന്‍ എത്രശ്രമിച്ചാലും സാദ്ധ്യമാകില്ലെന്നുമാണ് ഷെയ്നിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വം സംവിധായകനുമായി ആശയവിനിമയം നടത്തിയ ശേഷം അമ്മ ജനറല്‍ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിക്കും. ഇക്കാര്യങ്ങളില്‍ വ്യക്തത വന്ന ശേഷമാകും നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുക.

വെയില്‍ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. 15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍,​ സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.