അഗർത്തല: കാമുകനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പതിനേഴുകാരിയെ തീകൊളുത്തി കൊന്നു. കാമുകൻ അജോയ് രുദ്രപാലും അമ്മയും ചേർന്നാണ് തീകൊളുത്തിയത്. ത്രിപുരയിലെ ശാന്തിർബസാറിലാണ് സംഭവം.
സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടി അജോയിയെ പരിചയപ്പെടുന്നത്. ശേഷം യുവാവിന്റെ വിവാഹവാഗ്ദാനം സ്വീകരിച്ച പെൺകുട്ടി അജോയിയുടെ കൂടെ പോവുകയായിരുന്നു. ദിവസങ്ങളോളം ഇയാളും സുഹൃത്തുകളും ചേർന്ന് പതിനേഴുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി.
പെൺകുട്ടിയെ വിട്ടുതരണമെങ്കിൽ 50,000രൂപ തരണമെന്ന് പ്രതി ആവശ്യപ്പെട്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ 17,000രൂപ നൽകാൻ മാത്രമേ തങ്ങൾക്ക് സാധിച്ചുള്ലുവെന്നും അതിന്റെ ദേഷ്യത്തിൽ പെൺകുട്ടിയെ തീയിടുകയായിരുന്നെന്നാണ് ആരോപണം.പൊലീസിനെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു. ഗുരുതരമായി പരിക്കേറ്റ മകളെ കണ്ടപ്പോൾ അജോയിയും സുഹൃത്തുക്കളും ബലാത്സംഗം ചെയ്ത വിവരം അവൾ പറഞ്ഞുവെന്നും അവർ വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ശനിയാഴ്ച സമീപവാസികൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽവെച്ച് പതിനേഴുകാരിയുടെ മരണം സംഭവിച്ചതോടെ അജോയിയെയും അമ്മയെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. പരിക്കേറ്റ ഇവർ ചികിത്സയിലാണ്.