ലക്‌നൗ: പീഡന പരാതി നൽകിയതിന് അക്രമികൾ തീവച്ചു കൊലപ്പെടുത്തിയ 23കാരിയുടെ മൃതദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രി വരുന്നത് വരെ പ്രതിഷേധം തുടരുമെന്ന് യുവതിയുടെ സഹോദരി പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി കർശനമായ നടപടി പ്രഖ്യാപിക്കണമെന്നും തനിക്ക് സർക്കാർ ജോലി നൽകണമെന്നും 23കാരിയുടെ സഹോദരി വ്യക്തമാക്കി. യുവ ഡോക്ടറെ പീഡിപ്പിച്ചവരെ ഹൈദരാബാദിലെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയതുപോലെ തന്റെ മകളെ തീകൊളുത്തിയവരെയും കൊല്ലണമെന്നും, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പ് നൽകണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബത്തിന് 25ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും വീട് നിർമിച്ച് കൊടുക്കുമെന്നും കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് യുവതിയുടെ മൃതദേഹം വൻ പൊലീസ് സുരക്ഷയിൽ വീട്ടിലെത്തിച്ചത്. ഹൃദയാഘാത്തെ തുടർന്ന് സഫ്ദർജങ് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് മരണം സംഭവിച്ചത്. 11.10നാണ് പെൺകുട്ടിക്ക് ഹൃദയാഘാതം ഉണ്ടായതെന്നും ചികിത്സ നൽകിയെങ്കിലും 11.40ഓടെ മരിക്കുകയായിരുന്നെന്ന് ആശുപത്രി വക്താവ് മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. 90% ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ വൈകിയതും പെൺകുട്ടിയുടെ നില അപകടത്തിലാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു.
വിവാഹ വാഗ്ദാനം നൽകിയ ആൾ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ പെൺകുട്ടിയെയാണ് പ്രതികളടക്കം അഞ്ചു പേർ ചേർന്നു തീ കൊളുത്തി പരിക്കേൽപ്പിച്ചത്. ഉന്നാവ് ഗ്രാമത്തിൽ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാൻ തുടങ്ങവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അതീവ ഗുരുതരവസ്ഥയിലായ പെൺകുട്ടിയെ ലക്നൗവിലെ ആശുപത്രിയിൽ നിന്നു വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലേക്കു മാറ്റുകയായിരുന്നു.