ajith-pawar

മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാൻ തന്നെ സമീപിച്ചത് അജിത് പവാറാണെന്ന് മുൻ മഹാരാഷട്ര മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫട്നാവിസ്. പവാർ 54 എൻ.സി.പി എം.എൽ.എമാരുടെ പിന്തുണ ഉറപ്പ് നൽകിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിക്കൊപ്പം പോകണമെന്ന് കുറച്ച് എം.എൽ.എമാർ തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് അജിത് പവാർ തന്നോട് പറഞ്ഞിരുന്നുവെന്നും, ഇക്കാര്യം താൻ ശരദ് പവാറുമായി ചർച്ച ചെയ്തിരുന്നുവെന്നും ഫട്നാവിസ് പറഞ്ഞു. ത്രികക്ഷി സർക്കാരിന് പ്രവർത്തിക്കാൻ സാധിക്കില്ലെന്നും,​അതിനാൽ സുസ്ഥിര സർക്കാരിനായി എൻ.സി.പി, ബി.ജെ.പിക്കൊപ്പം നിൽക്കാൻ തയാറാണെന്നും പവാർ മറുപടി നൽകിയിരുന്നു. തിരശ്ശീലയ്ക്കു പിന്നിലെ രാഷ്ട്രീയ നാടകത്തെക്കുറിച്ചുള്ള കഥകൾ ഇനിയുള്ള ദിവസങ്ങളിൽ വെളിപ്പെടുമെന്നും ഫട്നാവിസ് കൂട്ടിച്ചേർത്തു.

അതേസമയം ജലസേചന അഴിമതിക്കേസിൽ അജിത് പവാറഇന് നൽകിയ ക്ലീൻ ചിറ്റുമായി തനിക്ക് ബന്ധമില്ലെന്നും ഫട്നാവിസ് വ്യക്തമാക്കി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി ഇതര പാർട്ടികൾ തമ്മിൽ ചർച്ച നടത്തുന്നതിനിടെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസുംഉപമുഖ്യമന്ത്രിയായി അജിത് പവാറും നവംബർ 23ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതിനെത്തുടർന്ന് നവംബർ 26ന് രാജിവയ്ക്കുകയായിരുന്നു.