പത്തനംതിട്ട: ഇത് സജീവ് ആശാന്റെ എം.കെ.ജി ഡ്രൈവിംഗ് സ്‌കൂൾ. മുന്നിൽ ഒരു ട്രാഫിക് സിഗ്നൽ പോസ്റ്റ്. അതിൽ പച്ച, ചുവപ്പ്, മഞ്ഞ സിഗ്നൽ ലൈറ്റുകൾ. പോസ്റ്റിന്റെ ചുവട്ടിൽ ഒരു കാറിന്റെ തുറന്ന എൻജിൻ. തൊട്ടടുത്ത് 'ഡ്രൈവിംഗ് സീറ്റിൽ' സജീവ്. ഡ്രൈവിംഗ് പഠിക്കാൻ വിദ്യാർത്ഥികൾ എത്തുമ്പോൾ ആശാൻ എൻജിൻ സ്റ്റാർട്ട് ചെയ്യും. കാലിൽ ക്ലച്ചും ബ്രേക്കും ഗിയറുമെല്ലാം പ്രവർത്തിക്കും. സിഗ്നൽ ലൈറ്റുകൾ തെളിയും. ഒപ്പം ആശാന്റെ ഡ്രൈവിംഗ് തിയറികളും. ഗിയർ, ക്ളച്ച്, ബ്രേക്ക് പ്രാക്ടീസ്, എൻജിന്റെ പ്രവർത്തനം, ലൂബ്രിക്കേഷൻ ഒായിൽ, കൂളന്റ്, ബ്രേക്ക് ഫ്ളൂയിഡ്, ഹൈഡ്രോളിക് ഒായിൽ, ഡിസ്റ്റിൽഡ് വാട്ടർ എന്നിയുടെ ഉപയോഗം, ട്രാഫിക് നിയമങ്ങൾ തുടങ്ങി എല്ലാം പഠിപ്പിക്കും. ഒപ്പം കാറുകളുടെ ചരിത്രവും . ബി.സി.നാലാം നൂറ്റാണ്ടിൽ സുമേരിയയിൽ നിർമ്മിച്ച മരച്ചക്രം എൻജിൻ കാറായി പരിണമിച്ച ചരിത്രം ചിത്രങ്ങൾ സഹിതം സജ്ജീകരിച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നൽ കണ്ടുപിടിച്ച ഗാരറ്റ് അഗസ്റ്റസ് മോർഗൻ, പെട്രോൾ, ഡീസൽ എൻജിനുകളുടെ ഉപജ്ഞാതാക്കളായ കാൾ ബെൻസ്, റുഡോൾഫ് ഡീസൽ എന്നിവരുടെ ഒാർമ്മച്ചിത്രങ്ങളും കുറിപ്പുകളും ഉണ്ട്. ട്രാഫിക് നിയമങ്ങളെക്കുറിച്ച് സജീവ് തയ്യാറാക്കിയ 'ബ്രേക്ക് ഡിസ്റ്റൻസ്' എന്ന മൂന്ന് മിനുട്ട് വീഡിയോയും പ്രദർശിപ്പിക്കും. ഇത് യു - ട്യൂബിൽ ഹിറ്റാണ്. സജീവിന്റെ ഗവേഷണ മനസാണ് എല്ലാത്തിനും പിന്നിൽ.
സർക്കാർ ഡ്രൈവറായിരുന്ന സജീവ് ശമ്പളമില്ലാത്ത അവധിയെടുത്താണ് പിതാവ് ഗോപാലന്റെ ഡ്രൈവിംഗ് സ്‌കൂൾ ഏറ്റെടുത്തത്. ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങാൻ അപേക്ഷിക്കുന്നവരെ ആർ. ടി ഒാഫീസർമാർ പത്തനംതിട്ട മുറിഞ്ഞകൽ മ്ളാന്തടത്തുളള സജീവിന്റെ ഡ്രൈവിംഗ് സ്‌കൂളിലേക്ക് പറഞ്ഞു വിടും. സജീവിനെ മാതൃകയാക്കാൻ ഉപദേശിക്കും.
ആട്ടോമാറ്റിക് സ്റ്റാൻഡ് പേറ്റന്റിന്
പ്രീഡിഗ്രിക്ക് ശേഷം മെക്കാനിക് രംഗത്ത് എത്തിയ സജീവ് ഇരുചക്രവാഹനങ്ങൾക്ക് ആട്ടോമാറ്റിക് സൈഡ് സ്റ്റാൻഡ് നിർമ്മിച്ചു. ഇതിന്റെ പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ സ്റ്റാൻഡ് തനിയെ മടങ്ങും. എല്ലാ ഇരുചക്രവാഹനങ്ങളിലും ഉപയോഗിക്കാം. സ്വന്തം സ്‌കൂട്ടറിലും ഘടിപ്പിച്ചു. സ്റ്റാൻഡ് മടക്കാൻ മറക്കുന്നവരെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ കഴിയും.
മെക്കാനിക് കുടുംബം
മുറിഞ്ഞകൽ മുരിക്കനാട്ട്ശേരിൽ പരേതരായ ഗോപാലന്റെയും അമ്മുക്കുട്ടിയുടെയും അഞ്ച് മക്കളിൽ സജീവ് ഉൾപ്പെടെ നാല് ആണുങ്ങളും മെക്കാനിക്കുകളാണ്. മൂത്തയാൾ കേശവൻകുട്ടി തിരുവനന്തപുരത്തും രണ്ടാമൻ രാജൻകുട്ടി ദുബായിലും മൂന്നാമൻ വിജയകുമാർ മുറിഞ്ഞകല്ലിലും സഹോദരി ശോഭനയുടെ ഭർത്താവ് രാജേന്ദ്രൻ കോട്ടയത്തും മെക്കാനിക്കുകളാണ്. സജീവിന്റെ ഭാര്യ ഹേമലത ഡ്രൈവിംഗ് സ്കൂളിൽ ടൂവീലർ പഠിപ്പിക്കുന്നു. മകൻ അശ്വിൻ എൻജി.എൻട്രൻസിന് പഠിക്കുന്നു.