psc-

തിരുവനന്തപുരം : സർക്കാർ ജോലിക്ക് അപേക്ഷിച്ച് കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷയ്ക്ക് ഹാജരാകാത്തവർക്കെതിരെ ശിക്ഷാ നടപടിയുമായി പി.എസ്.സി. ഇത്തരത്തിൽ പരീക്ഷയെഴുതാത്തവരുടെ പ്രൊഫൈൽ ബ്‌ളോക്ക് ചെയ്യാനാണ് നീക്കം. ഫെബ്രുവരി മുതലുള്ള പരീക്ഷകൾക്കാണ് ഈ തീരുമാനം നടപ്പിലാക്കുക. ഈ പരീക്ഷകൾക്കുള്ള കൺഫർമേഷൻ നൽകാനുള്ള തീയതി നവംബർ 23 മുതൽ ഡിസംബർ 12 വരെയാണ്. പി.എസ്.സിയുടെ സൈറ്റിലെത്തി കൺഫർമേഷൻ നൽകുന്നവർക്ക് ഈ മുന്നറിപ്പ് കാണാനാവും. പരീക്ഷ എഴുതുമെന്ന് ഉറപ്പില്ലാത്തവർ കൺഫർമേഷൻ നൽകാൻ പാടില്ലെന്നും, കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതിയില്ലെങ്കിൽ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമെന്നും വ്യക്തമാക്കുന്നതാണ് മുന്നറിയിപ്പ്. കൺഫർമേഷൻ നൽകുന്നതോടെ ഉദ്യോഗാർത്ഥിക്കു പരീക്ഷയെഴുതാനാവശ്യമായ സജ്ജീകരണങ്ങൾ പി.എസ്.സി ഉറപ്പാക്കാറുണ്ട്. എന്നാൽ കൺഫർമേഷൻ നൽകിയ ശേഷം ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതാൻ എത്താതിരിക്കുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.

അതേസമയം ന്യായമായ കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാത്തവരുടെ പ്രൊഫൈലുകൾ ബ്‌ളോക്ക് ചെയ്യില്ലെന്ന് പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ എഴുതാനായില്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് രേഖകൾ സഹിതം പി.എസ്.സി പരീക്ഷ കൺട്രോളർക്ക് അപേക്ഷ നൽകുകയാണ് വേണ്ടത്. അപേക്ഷകർ ന്യായമായ കാരണത്താലാണ് പരീക്ഷയിൽ നിന്നും വിട്ടുനിന്നതെന്ന് ബോദ്ധ്യമായാൽ നടപടിയിൽ നിന്നും ഒഴിവാക്കും.