തിരുവനന്തപുരം: നടൻ ഷെയ്ന്‍ നിഗം വിഷയത്തില്‍ ഒത്തുതീർപ്പായിട്ടില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഇനിയൊരു തര്‍ക്കം ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയേ ചര്‍ച്ച നടത്തൂവെന്നും ഫെഫ്കയുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇടവേള ബാബുവും നടൻ സിദ്ദിഖും ഷെയ്നുമായി ചർച്ച നടത്തിയിരുന്നു. അതേസമയം, ഷെയ്ൻ നിഗവും നിർമാതാക്കളുമായുള്ള പ്രശ്നത്തിൽ താര സംഘടനയായ അമ്മയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുകയാണ്. ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്ന് നിര്‍വാഹകസമിതിയംഗം ഉണ്ണി ശിവപാല്‍ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
ഷെയ്ന്റെ ഷൂട്ടിംഗ് മുടങ്ങിയ ‘വെയിൽ’, ‘കുർബാനി’ എന്നീ സിനിമകൾ ഉപേക്ഷിക്കാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. ഈ സിനിമകൾക്കുണ്ടായ നഷ്ടം നികത്തുംവരെ ഷെയ്ൻ അഭിനയിക്കുന്ന സിനിമകൾ നിർമിക്കില്ലെന്നാണ് ഭാരവാഹികളുടെ നിലപാട്. വിഷത്തില്‍ ഷെയ്ന്‍ തന്റെ ഭാഗം വിശദീകരിച്ചെങ്കിലും വെയില്‍ സിനിമയുടെ ഡേറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഇതിനായി ഫെഫ്ക്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.
വെയില്‍ സിനിമയുടെ ഷൂട്ടിനായി 15 ദിവസമാണ് നേരത്തെ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതെങ്കിലും സൈറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോഴാണ് പ്രശ്‌നം വീണ്ടും തുടങ്ങിയെതെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫെഫ്ക്ക നേതൃത്വം സംവിധായകനുമായി സംസാരിച്ച ശേഷം അമ്മ ജനറല്‍ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിക്കും. ഇക്കാര്യത്തില്‍ വ്യക്തത വന്ന ശേഷമായിരിക്കും നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുക.