മുസാഫർനഗർ: ബലാത്സംഗ പരാതി പിൻവലിക്കാൻ തയ്യാറാകാത്ത 30 കാരിക്ക് നേരെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ആക്രമണത്തിനിരയായ യുവതിക്ക് 30 ശതമാനം പൊള്ളലേറ്റു. പ്രതികളായ നാല് പേർ ഒളിവിലാണ്.
രണ്ട് ദിവസം മുമ്പ് യുവതിയുടെ വീട്ടിലെത്തിയ നാല് പ്രതികൾ ബലാത്സംഗ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറായില്ല. തുടർന്ന് ഇവർ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ശേഷം ഒളിവിൽ പോയി. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
തന്നെ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് യുവതി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽതിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടായില്ല. തുടർന്ന് ഇവർ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് പരാതി പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതികൾ എത്തിയത്. അതേസമയം യുവതി പരാതി നൽകിയപ്പോൾ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നെന്നും തെളിവുകളൊന്നും ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു.