ഇരിങ്ങാലക്കുട: മയക്കുമരുന്ന് നൽകി സ്വർണ്ണാഭരണം കവർന്ന സംഭവത്തിൽ പടിയൂർ സ്വദേശിയായ സ്ത്രീയെ കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പടിയൂർ സ്വദേശിയായ കൊല്ലത്ത് വീട്ടിൽ അൻസിയയെയാണ് (22) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസിന്റെ നിർദ്ദേശ പ്രകാരം കാട്ടൂർ എസ്.ഐ വിമൽ വി.വിയും സംഘവും അറസ്റ്റ് ചെയ്തത്. പാവപ്പെട്ട സ്ത്രീകളെ വീട്ടുജോലിക്ക് കൂടുതൽ പണം വാഗ്ദാനം ചെയ്ത് പടിയൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് ചായയിലോ ശീതളപാനീയങ്ങളിലോ മയക്ക് മരുന്ന് കലർത്തി നൽകി ബോധം കെടുത്തി സ്വർണ്ണാഭരണങ്ങൾ കവരുകയാണ് രീതി.
പിന്നീട് സ്ത്രീകളെ ബസ് സ്റ്റോപ്പുകളിൽ എത്തിക്കുകയായിരുന്നു പതിവ്. സമാന രീതിയിലുള്ള കുറ്റകൃത്യത്തിന് തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷം മുമ്പ് എ.ടി.എം നമ്പർ കരസ്ഥമാക്കി 75,000 രൂപ തട്ടിച്ചതിന് തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിൽ പ്രതിക്കെതിരെ കേസുണ്ട്. മോഷ്ടിച്ച ആഭരണങ്ങൾ ഇരിങ്ങാലക്കുടയിലെയും തൃശൂരിലെയും ജ്വല്ലറികളിൽ നിന്ന് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ഹരിഹരൻ പി.വി, സി.പി.ഒ പ്രദോഷ്, സിന്ധു ടി.കെ, സിന്ധു എം.വി എന്നിവരാണ് ഉണ്ടായിരുന്നത്.