കൊച്ചി: പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്ത ബി.ഡി.എസ് വിദ്യാർത്ഥിനിയെ ബന്ധുക്കൾ എറണാകുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. സംഭവത്തിൽ യുവതിയുടെ അച്ഛനും സഹോദരനും ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. പെൺകുട്ടിയെ ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും വീട്ടുകാർ അതിന് തയാറായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയത്.
കാമുകനായ വരന്തരപ്പള്ളി സ്വദേശിക്ക് മെച്ചപ്പെട്ട സാമ്പത്തികം ഇല്ലാത്തതിനാലാണ് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തത്. ശേഷം ഇരുവരും രജിസ്റ്റർ വിവാഹത്തിന് ഒരുങ്ങി. തുടർന്നാണ് യുവതിയെ പിതാവ് വിവാഹം നടത്തിത്തരാമെന്ന് വാഗ്ദാനം നൽകി കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി.
അസുഖം ഇല്ലാഞ്ഞിട്ടും മരുന്നുകളും കുത്തിവയ്പ്പുകളും നൽകി. ക്ഷീണിതയായ നിലയിലാണ് യുവതിയെ പൊലീസ് കണ്ടെത്തിയത്. ശേഷം യുവതിയുടെ ഇഷ്ടപ്രകാരം കോടതി പ്രണയിച്ച വ്യക്തിക്കൊപ്പം വിട്ടു. കൂടാതെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കാനും നിർദേശം നൽകി.