mahindra-treo

നഗരങ്ങളുടെ മുഖം അതിവേഗം മാറുകയാണ്. പുരോഗതിയുടെ ട്രാക്കിലേറി മുന്നേറുമ്പോഴും ഓരോ ചുവടിലും പ്രകൃതിയെ കുറിച്ചും മനുഷ്യൻ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അന്തരീക്ഷ മലനീകരണം കുറച്ച്, ഗതാഗത സംവിധാനം പ്രകൃതി സൗഹാർദ്ദമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങളും പിറവിയെടുത്തു.

അക്കൂട്ടത്തിൽ, ഏറെ ശ്രദ്ധേയമായ പുത്തൻ താരമാണ് മഹീന്ദ്ര അവതരിപ്പിച്ച ട്രിയോ. പരിസ്ഥിതി സൗഹാർദ്ദമെന്നതിന് പുറമേ പൂർണമായും നഗരയാത്രകൾക്ക് അനുയോജ്യമായ വിധമാണ് ട്രിയോയുടെ രൂപകല്‌പന. സമ്പൂർണ ഇലക്‌ട്രിക് വാഹനമായ ട്രിയോയ്ക്ക് രണ്ടു പതിപ്പുകളുണ്ട്. ഇ-ഓട്ടോയും ഇ-റിക്ഷയും. ഇ-ഓട്ടോയ്ക്ക് ട്രിയോ എന്നു തന്നെ പേര്. റിക്ഷയ്ക്ക് യാരീ എന്നും.

ട്രിയോയ്ക്ക് 2.43 ലക്ഷം രൂപയും യാരീക്ക് 1.62 ലക്ഷം രൂപയുമാണ് കൊച്ചിയിൽ ഓൺ-റോഡ് വില. ഇരു മോഡലുകൾക്കും സംസ്ഥാന സർക്കാരിന്റെ 'ഫെയിം" സംബ്‌സിഡിയായി 30,000 രൂപ ഉപഭോക്താവിന്റെ അക്കൗണ്ടിൽ ലഭിക്കുമെന്ന നേട്ടവുമുണ്ട്. ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സ്‌കീമാണ് ഫെയിം അഥവാ ഫാസ്‌റ്റർ അഡോപ്‌ഷൻ ആൻഡ് മാനുഫാക്‌ചറിഗ് ഒഫ് ഹൈബ്രിഡ് ആൻഡ് ഇലക്‌ട്രിക് വെഹിക്കിൾസ്.

ട്രിയോയിൽ സാധാരണ ഓട്ടോയിലെന്ന പോലെ മൂന്നുപേർക്ക് യാത്ര ചെയ്യാം. റിക്ഷയായ യാരീയിൽ നാലുപേർക്ക് യാത്രാസൗകര്യമുണ്ട്. വിശാലമാണ് ഇരു മോഡലുകളുടെയും അകത്തളം. കാലാവസ്ഥയെ പ്രതിരോധിക്കാൻ കട്ടിയുള്ള ടോപ്പുമുണ്ട്. ഇത്, യാത്രാസുഖം നൽകുന്നു. പരമ്പരാഗത ഓട്ടോകൾക്ക് പകരക്കാരനാവുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ട്രിയോയ്ക്ക്, മഹീന്ദ്രയുടെ തനത് രൂപകല്‌പനാ ഘടകങ്ങളും ലഭിച്ചിട്ടുണ്ട്.

തനത് 'ഓട്ടോറിക്ഷ മുഖഭാവ"മാണ് ട്രിയോയ്ക്കും. നീലയും വെള്ളയും ചേർന്നതാണ് പുറംമോടി. മുന്നിലെ ഇരട്ട ഹെഡ്‌ലാമ്പ്, മഹീന്ദ്ര സ്‌റ്രൈൽ ഗ്രിൽ എന്നിവ മികച്ച ലുക്ക് സമ്മാനിക്കുന്നു. ഡ്രൈവറുടെ കാബിനിൽ കയറിയാൽ മുന്നിൽ ഡിജിറ്റൽ ഡിസ്‌പ്ളേ കാണാം. വലതുവശത്ത് ലോക്ക് ചെയ്യാവുന്ന സ്‌റ്റോറേജ് സ്‌പേസുണ്ട്. ഗിയറുകളോ ക്ളച്ചുകളോ ഇല്ല. ഡയറക്‌ട് ഡ്രൈവ് സംവിധാനമാണുള്ളത്.

5.4 കിലോവാട്ട് കരുത്തും 30 എൻ.എം ടോർക്കുമുള്ളതാണ് മോട്ടോർ.​ ലിഥിയം-അയൺ ബാറ്ററിയാണുള്ളത്. സാധാരണ മൊബൈൽ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാം. ട്രിയോ മൂന്ന് മണിക്കൂർ 50 മിനുട്ടുകൊണ്ടും യാരീ രണ്ടര മണിക്കൂർ കൊണ്ടും ഫുൾ ചാർജാകും. ഒറ്റ ചാർജിംഗിൽ ട്രിയോ 130 കിലോമീറ്ററും യാരീ 85 കിലോമീറ്ററും ഓടും. ട്രിയോയ്ക്ക് 45 കിലോമീറ്ററും യാരീക്ക് 24.5 കിലോമീറ്ററുമാണ് ടോപ് സ്‌പീഡ്. കുറഞ്ഞ മെയിന്റനൻസ് ചെലവാണ് ട്രിയോയുടെ മറ്റൊരു മികവ്. കിലോമീറ്രറിന് ശരാശരി 50 പൈസയുടെ ചെലവേ വരൂ എന്നാണ് മഹീന്ദ്രയുടെ വാക്ക്.