തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശ പര്യടനം കൊണ്ട് 'വാചക വ്യവസായ വികസന"മല്ലാതെ മറ്റൊന്നും സംസ്ഥാനത്തിന് കിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഓരോ വിദേശ യാത്ര കഴിഞ്ഞു വരുമ്പോഴും ദീഘമായ പത്രസമ്മേളനം നടത്തി കേരളീയരെ വ്യാമോഹിപ്പിക്കുകയാണ്. ഇത്തവണത്തെ വാർത്താ സമ്മേളനവും പൊള്ളയാണ്. തലസ്ഥാനത്ത് വിശന്ന് വലഞ്ഞ് കുഞ്ഞുങ്ങൾ മണ്ണ് വാരിത്തിന്നപ്പോൾ കുടുംബത്തോടൊപ്പം വിദേശത്ത് ഉല്ലാസ യാത്ര നടത്തിയതിന്റെ ജാള്യത മറയ്‌ക്കാനാണ് നേട്ടങ്ങളുടെ ലിസ്റ്റുമായി മുഖ്യമന്ത്രിയെത്തിയത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സമയത്താണ് വൻചെലവിൽ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശ യാത്ര. കൊറിയയിൽ നിന്ന് ഭക്ഷ്യ സംസ്‌കരണ രംഗത്തും ഐ.ടി, ഓട്ടോ മൊബൈൽ രംഗത്തും നിക്ഷേപത്തിനും സഹകരണത്തിനും താത്പര്യ പത്രം നേടാൻ കഴിഞ്ഞെന്നാണ് മുഖ്യമന്ത്രിയുടെ അവകാശ വാദം. കഴിഞ്ഞ വിദേശ സന്ദർശനങ്ങളിലും ഇതുപോലെ നേടിയെടുത്ത താത്പര്യ പത്രങ്ങളുടെ അവസ്ഥ എന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.