പൂനെ: ഇന്ത്യൻ ശിക്ഷാ നിയമവും, ക്രിമിനൽ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിൽ ചട്ടത്തിൽ മാറ്റം വരുത്താൻ പ്രതിജ്ഞാബദ്ധരാണ് എൻ.ഡി.എ സർക്കാരെന്ന് അദ്ദേഹം വ്യക്തമാക്കി.
പീഡനവും കൊലപാതകവും പോലുള്ള കേസുകളിൽ വിചാരണ നടപടികൾ വേഗത്തിലാക്കുന്ന രീതിയിൽ ഐ.പി.സിയും സി.ആര്‍.പി.സിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും മുമ്പ് സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വിവിധ സ്ഥാപനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ രാജ്യത്തെ നിയമസംവിധാനത്തിലെ പാളിച്ചകൾ ചർച്ചയാകുന്ന സമയത്താണ് അമിത് ഷായുടെ പ്രഖ്യാപനം. നിർഭയ കൂട്ടബലാത്സംഗവും കൊലപാതകവും ഉൾപ്പെടെയുള്ള കേസുകളിൽ ഇതുവരെ പ്രതികൾക്കുള്ള ശിക്ഷ നടപ്പാക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ല എന്നിവർ പങ്കെടുത്ത മൂന്ന് ദിവസങ്ങളായി നടന്ന യോഗത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം.