unnao

ഉന്നാവോ: ക്രൂരമായി മാനംഭംഗം ചെയ്ത പ്രതികൾ ജീവനോടെ തീകൊളുത്തി കൊന്ന ഇരുപത്തിമൂന്നുകാരിക്ക് ഉന്നാവോ ഗ്രാമം കണ്ണീരോടെ വിടചൊല്ലി. വെള്ളത്തുണിയിൽ പൊതിഞ്ഞെത്തിയ അവളുടെ മൃതദേഹം അലറിക്കരഞ്ഞാണ് ഭട്ടിൻ ഖേഡ ഗ്രാമവാസികൾ ഏറ്റുവാങ്ങിയത്.

ജീവനറ്റ നിലയിൽ പ്രിയപ്പെട്ട മകളെ കണ്ടതോടെ കുടുംബത്തിന്റെ ദു:ഖവും രോഷവും അണപൊട്ടി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം നിലപാടെടുത്തു. എന്നാൽ പൊലീസും ജില്ലാ ഭരണകൂടവുമെത്തി അവരെ അനുനയിപ്പിച്ചു.

കുടുംബത്തിന് 24 മണിക്കൂറും സുരക്ഷ, ഇളയ സഹോദരിക്ക് സർക്കാർ ജോലി, അതിവേഗ വിചാരണ, സഹോദരന് തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ്, പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം കുടുംബത്തിന് രണ്ടു വീടുകൾ തുടങ്ങിയ ഉറപ്പുകൾ നൽകിയതോടെയാണ് മൃതദേഹം സംസ്‌കരിക്കാൻ കുടുംബം അനുവദിച്ചത്. നേരത്തെ കുടുംബത്തിന് 25ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിൽ ആയിരക്കണക്കിനു പേരെ സാക്ഷിയാക്കി യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു.

ബലാത്സംഗക്കേസ് വിചാരണ നടക്കുകയായിരുന്ന കോടതിയിലേക്ക് വ്യാഴാഴ്ച രാവിലെ പോകുന്നതിനിടെയാണ് കേസിലെ പ്രതികൾ പട്ടാപ്പകൽ ഇവരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. അറസ്റ്റിലായ അഞ്ച് പ്രതികളും ഇപ്പോൾ റിമാൻഡിലാണ്.

രോഷം മുഖ്യമന്ത്രിക്കെതിരെ

ഉന്നാവോയിലെ യുവതിക്കു നേരെ ആക്രമണമുണ്ടായി, മരണശേഷം മാത്രം പ്രതികരിച്ച യോഗി ആദിത്യനാഥിനെതിരെ രൂക്ഷമായ വിമർശനമാണ് കുടുംബം ഉന്നയിച്ചത്. ലക്നൗവിലെത്തി ശനിയാഴ്ചയോടെ മുഖ്യമന്ത്രിയെ കാണാൻ സൗകര്യമൊരുക്കാമെന്ന് ഉന്നാവോ ജില്ലാ ഭരണകൂടം പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല.

' മുഖ്യമന്ത്രി ഇങ്ങോട്ടു വന്ന് കാണണം. ചോദ്യങ്ങൾക്ക് മറുപടി പറയണം. ആവശ്യങ്ങൾ അംഗീകരിക്കണം'- കുടുംബം ആവശ്യപ്പെട്ടു. എസ്.പിയും ജില്ലാ മജിസ്‌ട്രേറ്റും ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.
തലേന്ന് കുടുംബത്തെ കാണാനെത്തിയ മന്ത്രിമാർക്കെതിരെ കടുത്ത ജനരോഷം ഇരമ്പിയതിനെത്തുടർന്ന് അവർക്ക് തിരിച്ചുപോകേണ്ടി വന്നിരുന്നു. സമാനമായ സ്ഥിതി വീണ്ടും ഉണ്ടാകുമെന്നു കണ്ടപ്പോൾ വീടിന് സുരക്ഷ കൂട്ടി. കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. ഒടുവിൽ ഐ.ജിയും സ്‌പെഷ്യൽ കമ്മിഷണറും എത്തി കുടുംബാംഗങ്ങളുമായി രണ്ടു മണിക്കൂർ ചർച്ച നടത്തിയതിനെ തുടർന്നാണ് ഉറപ്പുകൾ നൽകിയത്.