ഉള്ളി കണ്ണു നനയിക്കുമെന്നത് അടുക്കളയിലെ പതിവ് തത്ത്വശാസ്ത്രം. അത് ഉള്ളിയിലടങ്ങിയ പ്രൊപ്പെയ്ൻതിയൽ എസ് ഓക്സൈഡ് എന്ന എൻസൈമിന്റെ കളി. പക്ഷേ ഇപ്പോഴിതാ കടയിൽ ചെന്ന് 'ഉള്ളിക്കെന്താ വില" എന്നു ചോദിക്കുന്നതു മുതൽ ഇന്ത്യക്കാരുടെ കണ്ണു നനയുന്നു. പി.എസ്.എൽ.വി റോക്കറ്റ് കുതിക്കും പോലെയാണ് ഒക്ടോബറിന് ശേഷമുള്ള വലിയ ഉള്ളി അഥവാ സവാളയുടെ വില നിലവാരം. വില സെഞ്ച്വറിയും കടന്ന് മുന്നോട്ടു പോകുമ്പോൾ ഗത്യന്തരമില്ലാതെ ഇന്ത്യൻ തീൻ മേശയിലെ അനിവാര്യ ഘടകമായ ഉള്ളിയെ നാം മനസില്ലാ മനസോടെ ഒഴിവാക്കുന്നു.
ഇറക്കു മതി ചെയ്തും പൂഴ്ത്തിവയ്പ് തടയാൻ സംഭരണ ശേഷി കുറച്ചുമൊക്കെ സർക്കാർ ഇടപെട്ടെങ്കിലും ഉള്ളി വിലയ്ക്ക് മൂക്കുകയറിടാനാകുന്നില്ല. നവംബറോടെ വില നിയന്ത്രണ വിധേയമാകുമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെ കേന്ദ്രസർക്കാരും പ്രതിരോധത്തിലാണ്. രാജ്യത്ത് 1998, 2010, 2013, 2015 വർഷങ്ങളിലും ഉള്ളിവില കരയിപ്പിച്ചിരുന്നു. 2013ൽ 150രൂപ വരെ വിലയുർന്നു.
ഇന്ത്യക്കാരുടെ ഉള്ളി മോഹങ്ങളെ തൃപ്തിപ്പെടുത്തുന്നത് മഹാരാഷ്ട്രയിലെയും കർണാടകയിലെയും തെലങ്കാനയിലെയും പാടങ്ങളിൽ വിളയുന്ന ഉള്ളിച്ചെടികളാണ്. കഴിഞ്ഞ ആഗസ്റ്റ് മുതൽ നവംബർ വരെ കാലവും കണക്കും തെറ്റിച്ച് പെയ്തിറങ്ങിയ മഴയിൽ ഉള്ളിപ്പാടങ്ങൾ മുങ്ങിത്താണതാണ് ഇക്കുറി ഉള്ളി വിലക്കയറ്റം രൂക്ഷമാക്കിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സവാള കൃഷി ചെയ്യുന്ന മഹാരാഷ്ട്രയിലെ മൂന്നിലൊന്ന് പാടങ്ങളും വെള്ളത്തിനടിയിലായി. മണ്ണിനടിയിലെ വിളയായ ഉള്ളികളുടെ മൊട്ടുമുതൽ മുതൽ വിളവെടുപ്പിന് പാകമായവ വരെ വെള്ളം കയറി കെട്ടു. ദീപാവലി വിൽപ്പന പ്രതീക്ഷിച്ച് വിളപ്പെടുപ്പ് കഴിഞ്ഞ് ഉണക്കാനിട്ടവയും നശിച്ചു. മഴ കഴിഞ്ഞും പാടങ്ങളിലെ വെള്ളമിറങ്ങാൻ സമയമെടുത്തു.
കാർഷിക മേഖയിലെ പൊതുവായ മരവിപ്പ് ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ റാബി വിളപ്പെടുപ്പിനെ ബാധിച്ചിരുന്നു. ലാഭം കുറഞ്ഞതിനാൽ പല കർഷകരും കൃഷി ചെയ്തില്ല. വിപണിയിലെ ഉള്ളിയുടെ നല്ലൊരു പങ്കും റാബി വിളവെടുപ്പിലാണ് വരിക. പിന്നീടുള്ള ഖാരിഫ്, രണ്ടാം ഖാരിഫ് വിളവെടുപ്പുകളെ മഴ ചതിച്ചതോടെ ഉള്ളിക്ക് ക്ഷാമമായി. അനന്തരഫലം വിലക്കയറ്ററവും.
രാജ്യത്ത് ഉപയോഗിക്കുന്ന ഉള്ളിയുടെ 40 ശതമാനവും കൃഷി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്.
ഇന്ത്യയിലെ ഉള്ളി വില നിശ്ചയിക്കുന്ന ഏറ്റവും വലിയ വിപണിയായ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ലസാൽഗാവ് മാർക്കറ്റിൽ മഴയെ തുടർന്ന് ഉള്ളി കയറ്റിയ ലോറികൾ എത്തുന്നത് കുറഞ്ഞു. ഒക്ടോബർ 19വരെ കിലോയ്ക്ക് 25 രൂപയ്ക്ക് വിറ്റിരുന്ന സവാള വില നവംബർ ആദ്യവാരം കിലോയ്ക്ക് 55 രൂപയായി കുതിച്ചു.മറ്റുമാർക്കറ്റുകളിലും ആനുപാതികമായി വിലവർദ്ധിച്ചു. ഡൽഹിയിൽ അടക്കം ചില്ലറ വിപണി വില കിലോയ്ക്ക് 80രൂപയായി അന്നുയർന്നു. ഇന്ത്യൻ വിപണിയിലെ ഉള്ളിയുടെ ലഭ്യതയിൽ 30-40 ശതമാനം വരെ കുറവുണ്ടായെന്ന് കേന്ദ്ര കൃഷി മന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞിരുന്നു. നേരത്തെ വിളവെടുത്ത് ഉണക്കി സൂക്ഷിച്ച ഉള്ളിയാണ് വിപണിയിൽ എത്തിയത്.
കൃഷി നശിച്ചത് കർഷകർക്കും ഉള്ളിവിഭവങ്ങൾ കൊതിച്ചവർക്കും ഒരേപോലെ വയറ്റത്തടിയായി. മഹാരാഷ്ട്രയിലും കർണാടകയിലും ഉള്ളിപ്പാടങ്ങൾ വീണ്ടും സജീവമായിട്ടുണ്ടെങ്കിലും പാകമായ ഉള്ളി ഇന്ത്യയിലെ വിവിധ വിപണിയിലെത്താൻ സമയമെടുക്കും. കനത്ത മഴയുടെ പ്രഹരം ഉള്ളിയുടെ ഗുണ നിലവാരത്തെ ബാധിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു. ഇറക്കുമതി ചെയ്യുന്ന തുർക്കി ഉള്ളിക്ക് നിറവും മണവും രുചിയും കുറവുമാണ്.
മലയാളി അടക്കം എല്ലാ ഇന്ത്യക്കാരുടെയും ഇഷ്ട വിഭവമാണെങ്കിലും ഉത്തരേന്ത്യക്കാരുടെ കീശയെയും തീൻമേശകളെയും ബാധിക്കുമ്പോൾ അതു രാഷ്ട്രീയമായി പുകയും. ഉള്ളി വിലയെ ചൊല്ലി അധികാരം വരെ നഷ്ടപ്പെട്ട ചരിത്രമുണ്ട്. 1998ൽ ഡൽഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നത് ഉള്ളി വില കിലോയ്ക്ക് 60രൂപയ്ക്ക് മുകളിലായതിന്റെ പേരിലാണ്. പിന്നീട് വന്ന സുഷമാ സ്വരാജ് ഉള്ളി ഇറക്കുമതി ചെയ്തെങ്കിലും ജനരോഷമറിഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ താഴെയിറക്കി കോൺഗ്രസിന്റെ ഷീലാ ദീക്ഷിത് അധികാരത്തിലേറി. 15 വർഷം തുടർച്ചയായി ഭരിച്ച ഷീലാദീക്ഷിതിനെ ആംആദ്മി പാർട്ടിയുടെ അരവിന്ദ് കേജ്രിവാൾ സ്ഥാനഭ്രഷ്ടയാക്കിയതിന് പിന്നിലും ഉള്ളി വില കളിച്ചുവെന്ന് ചരിത്രം.
ഇക്കുറി ഡൽഹിയിൽ ഉള്ളി ലഭ്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാരും സംസ്ഥാനം ഭരിക്കുന്ന ആംആദ്മി സർക്കാരും ശ്രമിച്ചിരുന്നു. നാഫെഡ് വഴി സംഭരിച്ച ഉള്ളികൾ സർക്കാർ നേരിട്ട് വിതരണം ചെയ്തു. രാജസ്ഥാനിൽ നിന്നടക്കം ഉള്ളി എത്തിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രശ്നം പരിഹരിക്കപ്പെടുന്ന പ്രതീക്ഷയിലാണ് സർക്കാരുകൾ. പക്ഷേ രാജ്യത്തെ മറ്റിടങ്ങളിലെ സാഹചര്യം പ്രതിപക്ഷം പാർലമെന്റിൽ അടക്കം കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കുന്നുണ്ട്.
തനിക്ക് ഉള്ളി വർജ്യമാണെന്ന കേന്ദ്ര ധനകാര്യ മന്ത്രിയുടെ പ്രസ്താവന കൊണ്ടൊന്നും വിഷയത്തിൽ നിന്ന് തലയൂരാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാരിന് അറിയാം. ഈജിപ്ത്, ബംഗ്ളാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, തുർക്കി എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതിക്ക് ഓർഡർ നൽകിക്കഴിഞ്ഞു. പൂഴ്ത്തിവയ്പ് തടയാൻ മൊത്ത, ചില്ലറ വിപണികളിലെ സംഭരണത്തിന് നിയന്ത്രണമേർപ്പെടുത്തി. കർണാടകയിൽ നിന്ന് കൂടുതൽ ഉള്ളി വിതരണത്തിന് തയ്യാറാകുമെന്നും സൂചനയുണ്ട് .