amith-sha

പൂനെ: ക്രൂരമായ മാനഭംഗവും കൊലപാതകവും ഉൾപ്പെടെ സ്‌ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളിൽ നീതി നടപ്പാക്കുന്നതിൽ പാളിച്ചകളുണ്ടെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ശിക്ഷാ നിയമവും (ഐ.പി.സി ), ക്രിമിനൽ നടപടി ചട്ടവും (സി.ആർ.പി.സി ) സമഗ്രമായി ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ തേടി.

പൂനെയിൽ ഇന്നലെ സമാപിച്ച ഡി. ജി. പി മാരുടെയും ഐ.ജിമാരുടെയും സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്തിനു കൂടുതൽ ഉപകരിക്കുന്ന രീതിയിൽ നിയമത്തിൽ മാറ്റങ്ങൾ

കൊണ്ടുവരാൻ എൻ. ഡി. എ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

പൗരന്മാർക്ക് നീതി അതിവേഗം ലഭ്യമാക്കുന്നതിനും ആധുനിക ജനാധിപത്യത്തിന് ഉതകുന്ന രീതിയിലും ഇന്ത്യൻ ശിക്ഷാ നിയമവും ക്രിമിനൽ നടപടിച്ചട്ടവും സമഗ്രമായി പൊളിച്ചെഴുതാൻ രണ്ട് ദിവസം മുൻപാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളുടെ നിർദ്ദേശം തേടിയത്. ഇതിന്റെ ഭാഗമായി ഐ. പി. സി,​ സി. ആർ. പി. സി,​ ഇന്ത്യൻ തെളിവ് നിയമം,​ മയക്കുമരുന്ന് നിരോധന നിയമം തുടങ്ങിയ സുപ്രധാന നിയമങ്ങൾ പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ബ്യൂറോ അവലോകനം ചെയ്യും. ഇത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബ്യൂറോയുടെ ഒരു വർക്കിംഗ് ഗ്രൂപ്പിന് രൂപം നൽകും.

മാനഭംഗവും കൊലപാതകവും പോലെയുള്ള ഹീനമായ കുറ്റകൃത്യങ്ങളിൽ വിചാരണ വേഗത്തിലാക്കാൻ ഉതകുംവിധം ഐ.പി.സിയും സി.ആർ.പി.സിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയും നേരത്തെ സൂചിപ്പിച്ചിരുന്നു.

ഏഴ് വർഷം മുൻപ് രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗവും കൊലപാതകവും ഉൾപ്പെടെയുള്ള കേസുകളിൽ പോലും പ്രതികളുടെ ശിക്ഷ ഇനിയും നടപ്പാക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. തെലങ്കാനയിൽ യുവഡോക്‌ടറെ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന് കത്തിച്ച നാല് പ്രതികളെ പൊലീസ് കഴിഞ്ഞ ദിവസം വെടിവച്ചു കൊന്നത് രാജ്യവ്യാപകമായി ജനം ആഘോഷമാക്കുകയും നീതി നിർവഹണത്തിലെ കാലവിളംബത്തെ പറ്റിയുള്ള ചർച്ച ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവം പരാമർശിക്കാതെ,​ പ്രതികാരമല്ല നീതി നിർവഹണമെന്നും നീതി തൽക്ഷണം നടപ്പാക്കാവുന്നതല്ലെന്നും അങ്ങനെ ആകരുതെന്നും സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എസ്. എ. ബോബ്‌ഡെ പരസ്യമായി പ്രതികരിച്ചിരുന്നു.

ആൾ ഇന്ത്യൻ പൊലീസ് യൂണിവേഴ്സിറ്റിയും, ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും സ്ഥാപിക്കുമെന്നും അമിത് ഷാ യോഗത്തിൽ പറഞ്ഞു. ഈ സർവകലാശാലകളുടെ നിയന്ത്രണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കോളേജുകൾ ഉണ്ടാവും.

രാജ്യത്തു മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പൊലീസ് സേനകളെ അദ്ദേഹം അഭിനന്ദിച്ചു.

മൂന്ന് ദിവസമായി നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല തുടങ്ങിയവർ പങ്കെടുത്തു.