ഹൈദരാബാദ്: ഹൈദരാബാദിൽ മൃഗഡോക്ടറെ കൂട്ടമാനഭംഗം ചെയ്ത് തീകൊളുത്തി കൊന്ന കേസിലെ പ്രതികളെ വെടിവച്ചുകൊന്ന പൊലീസിനെ സിനിമാതാരം നയൻതാര അഭിനന്ദിച്ചു.
'നീതി ചൂടോടെ നടപ്പാക്കിയാൽ അത്രയും നല്ലത്. സിനിമയിലെ പ്രയോഗമായി മാത്രം നിലകൊണ്ടിരുന്ന കാര്യം ഇന്ന് യാഥാർത്ഥ്യമായി. തെലങ്കാന പൊലീസ് എന്ന യഥാർത്ഥ നായകൻമാർ അത് പ്രവൃത്തിയിൽ തെളിയിച്ചു. മനുഷ്യത്വത്തിന്റെ ശരിയായ നടപടിയെന്നു ഞാനതിനെ വിളിക്കും. ശരിയായ നീതി നടപ്പാക്കിയ ദിവസമെന്ന നിലയിൽ ഓരോ സ്ത്രീക്കും കലണ്ടറിൽ ഈ ദിവസം അടയാളപ്പെടുത്താം.
നീതി നടപ്പായത് ആഘോഷിക്കുന്നതിനെക്കാൾ, കുട്ടികളെ നമ്മൾ പഠിപ്പിക്കണം. പ്രത്യേകിച്ച് വീട്ടിലെ ആൺകുട്ടികളെ. ഈ ഗൃഹം സ്ത്രീകൾക്കു കൂടി സുരക്ഷിതമായ ഇടമാക്കിത്തീർക്കുമ്പോഴാണ് നരൻ യഥാർത്ഥ നായകനാകുന്നത്.
സഹോദരിക്ക് ആദരാഞ്ജലികൾ!'- നയൻതാര ട്വിറ്ററിൽ കുറിച്ചു.